സെയ്‌ക്സലിന്റെ മെസ്സി- മാഞ്ചസ്റ്ററിന്റെ റൊണാൾഡോ, രണ്ടും വേണ്ടെന്ന് ബെർണാഡോ സിൽവ.

ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഈ രണ്ടു താരങ്ങളും തമ്മിലുള്ള റിവൽറി ലോകപ്രശസ്തമാണ്. രണ്ടുപേരെയും താരതമ്യം ചെയ്തുകൊണ്ടുള്ള വാഗ്വാദങ്ങൾ എന്നും ഫുട്ബോൾ ലോകത്ത് സജീവമാണ്.കരിയറിന്റെ അവസാന സമയത്തിലൂടെയാണ് ഇപ്പോൾ ഇവർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.രണ്ടുപേരും യൂറോപ്പ് വിട്ടു കഴിഞ്ഞിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവയോട് ഈ രണ്ടു താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചോദ്യം ചോദിച്ചിരുന്നു.സെയ്ക്സലിന്റെ മെസ്സി എന്നറിയപ്പെടാനാണോ മാഞ്ചസ്റ്ററിന്റെ റൊണാൾഡോ എന്നറിയപ്പെടാനാണ് ഇഷ്ടം എന്നായിരുന്നു ചോദ്യം.സെയ്‌ക്സൽ എന്നത് സിൽവ ജനിച്ച സ്ഥലവും മാഞ്ചസ്റ്റർ എന്നത് സിൽവ ജീവിക്കുന്ന സ്ഥലവുമാണ്. എന്നാൽ ഈ രണ്ട് വിശേഷണങ്ങളും തനിക്ക് ആവശ്യമില്ലെന്ന് സിൽവ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് ആ രണ്ടു വിശേഷണങ്ങളും വേണ്ട. ഇത്തരത്തിലുള്ള വിശേഷണങ്ങൾ എനിക്ക് ഇഷ്ടമല്ല. ഈ താരതമ്യങ്ങളിൽ യാതൊരുവിധ അർത്ഥവുമില്ല. എനിക്ക് എപ്പോഴും ബെർണാഡോ സിൽവയായി കൊണ്ട് തുടരാൻ തന്നെയാണ് താല്പര്യം.തീർച്ചയായും ഒരു താരത്തെ മറ്റൊരു താരവുമായി താരതമ്യം ചെയ്യുമ്പോൾ അത് അഭിമാനമൊക്കെ ഉണ്ടാക്കുന്ന കാര്യമാണ്.പക്ഷേ ഇത്തരം വിശേഷങ്ങളോ ഇരട്ട പേരുകളോ എനിക്ക് ഇഷ്ടമല്ല “ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മിന്നുന്ന പ്രകടനം തുടരാൻ സിൽവക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്.കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇതോടെ പ്രീമിയർ ലീഗിൽ 37 അസിസ്റ്റുകൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം എത്താൻ സിൽവക്ക് സാധിച്ചിരുന്നു. 37 അസിസ്റ്റുകളാണ് തന്റെ കരിയറിൽ പ്രീമിയർ ലീഗിൽ റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *