സൂപ്പർ താരത്തിന് പരിക്ക്, രണ്ട് മാസം പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലോപ് !

ലിവർപൂളിന്റെ സൂപ്പർ താരം ഡിയോഗോ ജോട്ടയുടെ പരിക്ക് സ്ഥിരീകരിച്ച് പരിശീലകൻ യുർഗൻ ക്ലോപ്. താരത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ മിഡ്‌ലാന്റിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റിരുന്നത്. തുടർന്ന് ഇന്നലെ ഫുൾഹാമിനെതിരെയുള്ള മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ഈ മത്സരത്തിന് ശേഷമാണ് ജോട്ടയുടെ പരിക്കിനെ കുറിച്ചുള്ള വിവരങ്ങൾ ക്ലോപ് പങ്കുവെച്ചത്. ഒന്നര മാസമോ അതല്ലെങ്കിൽ രണ്ട് മാസമോ താരം പുറത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് ക്ലോപ് പ്രസ്താവിച്ചത്. അതേസമയം ഇന്നലെ ഫുൾഹാമിനെതിരെ ലിവർപൂൾ സമനില വഴങ്ങുകയായിരുന്നു. മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം സലായാണ് പെനാൽറ്റിയിലൂടെ ലിവർപൂളിനെ ഒപ്പമെത്തിച്ചത്. മിന്നും ഫോമിലുള്ള ജോട്ടയുടെ അഭാവം ലിവർപൂളിന് തിരിച്ചടിയാവുകയായിരുന്നു. കൂടാതെ ഇന്നലത്തെ മത്സരത്തിൽ ഡിഫൻഡർ ജുവൽ മാറ്റിപ്പിനും പരിക്ക് വലച്ചിരുന്നു. താരത്തെ കുറിച്ചും ക്ലോപ് സംസാരിച്ചു. നിലവിൽ വാൻ ഡൈക്ക്, ഗോമസ് എന്നിവർ പരിക്ക് മൂലം പുറത്താണ്.

” ഞങ്ങൾ ആദ്യം കരുതിയതിനേക്കാൾ മോശമാണ് ജോട്ടയുടെ പരിക്ക്. എന്നാൽ സർജറി ആവിശ്യമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്‌ ആശ്വാസകരമാണ്. പക്ഷെ അദ്ദേഹം കുറച്ചു കാലത്തേക്ക് പുറത്തിരിക്കേണ്ടി വന്നേക്കും. ഒന്നര മാസമോ അതല്ലെങ്കിൽ രണ്ട് മാസമോ ജോട്ട പുറത്തിരിക്കേണ്ടി വരും. ഏതായാലും ഇത് അവിശ്വസനീയമാണ്. മാറ്റിപ്പിന് അദ്ദേഹത്തിന്റെ പുറംഭാഗത്താണ് പരിക്കുള്ളത്. ആവിശ്യമായ ചികിത്സകൾ നൽകുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കേണ്ടിയിരിക്കുന്നു. അടുത്ത ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ താരം കളിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷെ എനിക്കുറപ്പില്ല. ഞങ്ങൾ പരിഹാരം കണ്ടത്തേണ്ടിയിരിക്കുന്നു. ഫുട്ബോൾ സീസണുകൾ ഇങ്ങനെയൊക്കെയാണ് ” ക്ലോപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *