സൂപ്പർ താരങ്ങൾക്ക് പരിക്ക്,കിരീടനേട്ടത്തിനിടയിലും ലിവർപൂളിന് തിരിച്ചടി!
ഇന്നലെ എഫ്എ കപ്പിൽ നടന്ന കലാശപ്പോരാട്ടത്തിൽ ചെൽസിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ചൂടാൻ വമ്പൻമാരായ ലിവർപൂളിന് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ചെൽസിക്ക് അടി തെറ്റിയത്. അതേസമയം ഈ സീസണിലെ രണ്ടാം കിരീടമാണ് ലിവർപൂൾ കരസ്ഥമാക്കിയത്. ഇതിനുമുൻപ് കരബാവോ കപ്പ് സ്വന്തമാക്കാൻ ലിവർപൂളിന് സാധിച്ചിരുന്നു.
എന്നാൽ ഈ മത്സരത്തിനിടെ ലിവർപൂളിന് ചില തിരിച്ചടികളേറ്റിട്ടുണ്ട്.അതായത് ലിവർപൂളിന്റെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ,വിർജിൽ വാൻ ഡൈക്ക് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.മത്സരത്തിന്റെ 33-ആം മിനുട്ടിൽ തന്നെ സലായെ ലിവർപൂൾ പിൻവലിക്കുകയായിരുന്നു. അതേസമയം 91ആം മിനിട്ടിലാണ് പരിക്ക് മൂലം വാൻ ഡൈക്കിന് കളം വിടേണ്ടി വന്നത്.
— Murshid Ramankulam (@Mohamme71783726) May 15, 2022
ഇവിടെ ലിവർപൂളിന് ആശങ്ക പകരുന്ന കാര്യമെന്തെന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ തൊട്ടടുത്ത് എത്തി നിൽക്കുന്ന സമയത്താണ് ഈ രണ്ട് പ്രധാനപ്പെട്ട താരങ്ങൾക്കും പരിക്കേറ്റിരിക്കുന്നത് എന്നതാണ്. ഈ മാസം 28 ആം തീയ്യതിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ റയലിനെ നേരിടുക.എന്നാൽ താരങ്ങളുടെ പരിക്ക് അത്ര ഗുരുതരമല്ല എന്നുള്ളത് ലിവർപൂളിന് ആശ്വാസം നൽകുന്ന കാര്യമാണ്. പക്ഷേ പരിക്കുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു.
റയലിനെ നേരിടുന്നതിന് മുൻപേ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾ കൂടി ലിവർപൂളിന് കളിക്കാനുണ്ട്.സതാംപ്റ്റണും വോൾവ്സുമാണ് ലിവർപൂളിന്റെ എതിരാളികൾ. ഈ മത്സരങ്ങളിൽ ഒന്നും തന്നെ താരങ്ങളെ പരിക്കേൽക്കാതെ സൂക്ഷിക്കുക എന്നുള്ളത് തന്നെയാണ് നിലവിൽ ലിവർപൂളിന്റെയും ക്ലോപിന്റെയും മുന്നിലുള്ള വലിയ വെല്ലുവിളി.