സുബിമെന്റി ലിവർപൂളിനെയും പറ്റിച്ചു!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരൊറ്റ സൈനിങ് പോലും നടത്താത്തവരാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ. നിലവിൽ വലിയൊരു മാറ്റത്തിന്റെ പാതയിലാണ് അവരുള്ളത്. എന്തെന്നാൽ ലിവർപൂളിന്റെ പരിശീലകനായിരുന്ന ക്ലോപ് ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. പകരം അർനെ സ്ലോട്ടാണ് ലിവർപൂളിനെ പരിശീലിപ്പിക്കുന്നത്. പക്ഷേ സൈനിങ്ങുകൾ ഒന്നും നടത്താത്തത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.
ലിവർപൂൾ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ വെച്ചിരുന്നത് മാർട്ടിൻ സുബിമെന്റിയിലായിരുന്നു. റയൽ സോസിഡാഡിന് വേണ്ടി കളിക്കുന്ന ഈ സൂപ്പർതാരത്തെ കൊണ്ടുവരാൻ കഴിയും എന്നുള്ള പ്രതീക്ഷയിലായിരുന്നു ലിവർപൂൾ ഉണ്ടായിരുന്നത്.നേരത്തെ ബയേൺ മ്യൂണിക്കും ആഴ്സണലും ഈ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇവരുടെ ഓഫറുകൾ സുബിമെന്റി നിരസിക്കുകയായിരുന്നു. ബാഴ്സക്കും താല്പര്യമുള്ള താരമായിരുന്നു സുബിമെന്റി. എന്നാൽ അവരുടെ നീക്കങ്ങളിൽ പുരോഗതി ഒന്നും ഉണ്ടായിരുന്നില്ല.
ഏറ്റവും ഒടുവിൽ ലിവർപൂളുമായി മാത്രമായിരുന്നു അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നത്. അദ്ദേഹം കൊണ്ടുവരാൻ കഴിയുമെന്ന് ലിവർപൂൾ ആരാധകർ വിശ്വസിച്ചു തുടങ്ങിയ സമയത്ത് മറ്റൊരു തീരുമാനത്തിലേക്ക് സുബിമെന്റി എത്തുകയായിരുന്നു. എന്തെന്നാൽ തന്റെ ക്ലബ്ബായ റയൽ സോസിഡാഡിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.ലിവർപൂളിന്റെ ഓഫർ അദ്ദേഹം നിരസിച്ചു കഴിഞ്ഞു.
ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.ക്ലബുമായി കോൺട്രാക്ട് പുതുക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം ഉള്ളത്.റയൽ സോസിഡാഡിനെ താരം വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.അതുകൊണ്ടാണ് ക്ലബ്ബ് വിടാൻ വിസമ്മതിച്ചിട്ടുള്ളത്. ലിവർപൂൾ നൽകിയ ഓഫറിനേക്കാൾ ചെറുതാണ് സോസിഡാഡ് നൽകുന്ന റിന്യൂവൽ ഓഫർ. പക്ഷേ ക്ലബ്ബിനോടുള്ള ഇഷ്ടം കൊണ്ട് അദ്ദേഹം ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.