സിറ്റി തകർന്ന് തരിപ്പണം, കമ്മ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കി ലിവർപൂൾ!

ഒരല്പം മുമ്പ് നടന്ന കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ മത്സരത്തിൽ ലിവർപൂളിന് തകർപ്പൻ വിജയം. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളുടെ ഗോൾ നേട്ടമാണ് ലിവർപൂളിന് വിജയം നേടിക്കൊടുത്തത്. ഇതോടെ കിരീടനേട്ടത്തോടെ യുർഗൻ ക്ലോപും സംഘവും ജൈത്രയാത്ര ആരംഭിക്കുകയും ചെയ്തു.

സൂപ്പർ താരം എർലിംഗ് ഹാലണ്ട് ഉൾപ്പെടെയുള്ളവരെ അണിനിരത്തി കൊണ്ടാണ് പെപ് ആദ്യ ഇലവൻ പുറത്തുവിട്ടത്. അതേസമയം മറുഭാഗത്ത് സലായും ഡയസുമൊക്കെ ഉണ്ടായിരുന്നു.മത്സരത്തിന്റെ 21-ആം മിനുട്ടിൽ അർണോൾഡാണ് ലിവർപൂളിന് ലീഡ് നേടിക്കൊടുത്തത്.സലായുടെ പാസിൽ നിന്നും തകർപ്പൻ ഷോട്ടിലൂടെ താരം ലീഡ് എടുക്കുകയായിരുന്നു.

മത്സരത്തിന്റെ 70-ആം മിനുട്ടിലാണ് സിറ്റി ഇതിന് മറുപടി നൽകുന്നത്.അർജന്റൈൻ സൂപ്പർ താരം ഹൂലിയൻ ആൽവരസാണ് സിറ്റിക്ക് വേണ്ടി വല കുലുക്കിയത്. ബോക്സിനകത്തെ കൂട്ടപൊരിച്ചിലിനൊടുവിൽ താരം ഗോൾ കണ്ടെത്തുകയായിരുന്നു.

എന്നാൽ 83 മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി പെനാൽറ്റി വഴങ്ങി. ഇത് അനായാസം സലാ ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ സൂപ്പർ താരം ഡാർവിൻ നുനസും ലിവർപൂളിന് വേണ്ടി വല കുലുക്കി.റോബർട്ട്സണിന്റെ അസിസ്റ്റിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്. അതേസമയം ഹാലണ്ടിന് ഒരു ഗോൾ നേടാനുള്ള സുവർണ്ണാവസരം ലഭിച്ചുവെങ്കിലും താരം അത് പാഴാക്കുകയായിരുന്നു. ഏതായാലും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ലിവർപൂൾ അർഹിച്ച വിജയം തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *