സിറ്റിയിലേക്ക് പോയാൽ നേരിടേണ്ടി വരിക വലിയ വെല്ലുവിളി: പോഗ്ബക്ക് മുന്നറിയിപ്പുമായി ബെർബറ്റോവ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബ ഈ സമ്മറിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.യുവന്റസ്,പിഎസ്ജി എന്നിവരായിരുന്നു ഇതുവരെ താരത്തിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ പുതുതായി യുണൈറ്റഡിന്റെ നഗര വൈരികളായ സിറ്റിയും താരത്തിന് വേണ്ടി രംഗത്തു വന്നിട്ടുണ്ട്.പോഗ്ബ സിറ്റിയിലേക്ക് ചേക്കേറുമോ എന്നുള്ളതാണ് ഇനി അറിയേണ്ട കാര്യം.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സൂപ്പർ താരമായിരുന്ന ദിമിത്രി ബെർബറ്റോവ് പോഗ്ബക്ക് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് സിറ്റിയിലേക്ക് പോവുകയാണെങ്കിൽ അവിടെ വലിയ വെല്ലുവിളികളായിരിക്കും നേരിടേണ്ടി വരിക എന്നാണ് ബെർബറ്റോവ് പറഞ്ഞിട്ടുള്ളത്. മുമ്പ് ഇത്തരത്തിൽ കൂടുമാറിയ ടെവസിനെ പരാമർശിച്ചു കൊണ്ടാണ് ബെർബറ്റോവ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനിച്ചു എന്നുള്ളത് ഞാൻ വായിച്ചിരുന്നു. ശരിക്കും അദ്ദേഹത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കൂടുതൽ മികച്ച രൂപത്തിൽ കളിക്കാമായിരുന്നു. പരിക്കുകൾ വിനയായി, അദ്ദേഹത്തിന്റെ പ്രതിഭയിൽ ആർക്കും സംശയമില്ല. പക്ഷേ അത് യുണൈറ്റഡിൽ വർക്കൗട്ടായില്ല. ഒരു യുണൈറ്റഡ് താരം സിറ്റിയിലേക്ക് ചേക്കേറുക എന്നുള്ളത് ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട്. എന്റെ സഹതാരമായിരുന്ന കാർലോസ് ഇങ്ങനെ സിറ്റിയിലേക്ക് പോയിരുന്നു.പോഗ്ബ ഏത് രൂപത്തിലുള്ള തീരുമാനമെടുക്കുമെന്നുള്ളത് നമ്മൾ നോക്കി കാണേണ്ടിയിരിക്കുന്നു.പെപ്പും സിറ്റി താരങ്ങളും പോഗ്ബയെ പ്രേരിപ്പിക്കുന്നതിലെ വലിയ ഘടകങ്ങളാണ്.അദ്ദേഹം സിറ്റിയിലേക്ക് പോവുകയാണെങ്കിൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും. മാഞ്ചസ്റ്ററിൽ തന്നെ നിന്നു കൊണ്ട് ചിരവൈരികൾക്ക് വേണ്ടി കളിക്കുക എന്നുള്ളത് പല പ്രശ്നങ്ങൾക്കും കാരണമാകും. പലർക്കും ഇടയിലും അസ്വസ്ഥതയും അസൂയയും ഉണ്ടാവാൻ അത് ഇടയാക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളുടെ കണക്കെടുത്താൽ പോഗ്ബയുടെ യുണൈറ്റഡിലെ പ്രകടനത്തിൽ പലരും ഹാപ്പിയല്ല. പല ആരാധകരും അതിനെതിരെ ശബ്ദം ഉയർത്തിയിരുന്നു. അദ്ദേഹം ക്ലബ്ബ് വിടുകയാണെങ്കിൽ ആരാധകർക്ക് വലിയ നിരാശ ഉണ്ടാവില്ല. പക്ഷേ സിറ്റിയിലേക്ക് പോവുകയാണെങ്കിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം ” ഇതാണ് ബെർബറ്റോവ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ 27 മത്സരങ്ങളാണ് പോഗ്ബ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ളത്.1 ഗോളും 9 അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *