സിരി എ സൂപ്പർ താരത്തെ സ്വന്തമാക്കാൻ വമ്പൻ ക്ലബുകളുടെ നീണ്ടനിര!

കഴിഞ്ഞ സിരി എ സീസണിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച താരമാണ് ഡുസാൻ വ്ലഹോവിച്ച്.ഫിയോറെന്റിനയുടെ 21-കാരനായ ഈ താരം കഴിഞ്ഞ സിരി എയിൽ നേടിയത് 21 ഗോളുകളായിരുന്നു.ഇതോടെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഈ സെർബിയൻ താരത്തിനായിരുന്നു. ഇപ്പോഴിതാ താരത്തിന് വേണ്ടി നിരവധി ക്ലബുകൾ രംഗത്ത് വന്നിട്ടുണ്ട്. സിരി എ വമ്പൻമാരായ ഇന്റർമിലാൻ, റോമ എന്നിവർക്ക്‌ പുറമേ പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാം, ആഴ്സണൽ എന്നിവരും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ലാലിഗ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡിനും ഈ ഫിയോറെന്റിന താരത്തെ ആവിശ്യമുണ്ട്.

പക്ഷേ ഫിയോറെന്റിനക്കാവട്ടെ താരത്തെ വിട്ടു നൽകാൻ താല്പര്യമില്ല.താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമമാണ് നിലവിൽ ഫിയോറെന്റിന നടത്തുന്നത്. അതേസമയം വ്ലഹോവിച്ചിന്റെ റിലീസ് ക്ലോസ് 60 മില്യൺ യൂറോയാണ്. ഇതിന് മുകളിലുള്ള ഒരു തുക നൽകാൻ ഏതെങ്കിലും ക്ലബ് തയ്യാറായാൽ താരത്തെ ഫിയോറെന്റിന കൈവിടേണ്ടി വരും.

ക്ലബ് വിടാനിരിക്കുന്ന ലുക്കാക്കുവിന്റെ സ്ഥാനത്തേക്കാണ് ഇന്റർ വ്ലഹോവിച്ചിനെ പരിഗണിക്കുന്നത്. അതേസമയം ടോട്ടൻഹാമാവട്ടെ ഹാരി കെയ്ൻ ക്ലബ് വിട്ടാൽ താരത്തെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. ഇവർക്ക്‌ വെല്ലുവിളിയായി കൊണ്ട് റോമയും അത്ലറ്റിക്കോയും ആഴ്സണലുമൊക്കെയുണ്ട്. ഏതായാലും വ്ലഹോവിച്ച് ചേക്കേറാൻ സാധ്യത കൂടിയ ക്ലബായി ഇറ്റാലിയൻ മാധ്യമങ്ങൾ നിലവിൽ ചൂണ്ടി കാണിക്കുന്നത് ഇന്റർ മിലാനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *