സാഹക്കെതിരെ വംശീയഅധിക്ഷേപം, പന്ത്രണ്ട് വയസ്സുകാരൻ അറസ്റ്റിൽ

കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റൽ പാലസ് സൂപ്പർ താരം വിൽഫ്രഡ് സാഹ തനിക്ക് നേരിടേണ്ടി വന്ന വംശീയഅധിക്ഷേപങ്ങളുടെ ദുരനുഭവം ഫുട്ബോൾ ലോകത്തിന് മുൻപിൽ പങ്കുവെച്ചത്. ആസ്റ്റൺ വില്ല-ക്രിസ്റ്റൽ പാലസ് മത്സരത്തിന് മുന്നോടിയായാണ് ഒരു ആസ്റ്റൺ വില്ല ആരാധകന്റെ പ്രൊഫൈലിൽ നിന്ന് താരത്തിന് വംശീയഅധിക്ഷേപം നേരിടേണ്ടി വന്നത്. സാഹ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ഇതിന്റെ തെളിവുകൾ പുറത്തു വിടുകയും ചെയ്തു. ജാക്ക്ഡോലാൻ എവിഎഫ്സി എന്ന പ്രൊഫൈലിൽ നിന്നാണ് അദ്ദേഹം വംശീയമായി അധിക്ഷേപിച്ചത്. ” നാളെ നീ സ്കോർ ചെയ്യാതിരിക്കുന്നതാവും നിനക്ക് നല്ലത് Black ****. ഇല്ലേൽ ഞാൻ പ്രേതരൂപം ധരിച്ച് തന്റെ വീടിനു മുന്നിൽ വന്നു നിൽക്കും ” എന്നായിരുന്നു ആ പ്രൊഫൈലിൽ നിന്ന് വന്ന സന്ദേശം.കൂടാതെ കുറെ ചിത്രങ്ങളും സാഹക്ക് അയച്ചിട്ടുണ്ട്. താരം അത് ട്വിറ്റെറിൽ ഇടുകയും ഉടനെ തന്നെ വെസ്റ്റ് മിഡ്ലാന്റ് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഇതോടെ ഫുട്ബോൾ ലോകത്ത് നിന്നുള്ള ഒട്ടേറെ പേർ താരത്തിന് പിന്തുണയർപ്പിച്ചിരുന്നു. ക്രിസ്റ്റൽ പാലസും ആസ്റ്റൺ വില്ല ക്ലബും താരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. വംശീയഅധിക്ഷേപങ്ങൾ വെച്ചു പൊറുപ്പിക്കില്ലെന്നും ആരാധകനെതിരെ കടുത്ത നടപടി തന്നെ എടുക്കുമെന്ന് ആസ്റ്റൺ വില്ല താരത്തെ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രൊഫൈലിന്റെ ഉടമസ്ഥനെ കിട്ടി. കേവലം പന്ത്രണ്ട് വയസ്സുള്ള പയ്യനായിരുന്നു അത്. ബാലനെ അറസ്റ്റ് ചെയ്ത് കൊണ്ടുള്ള പ്രസ്താവന വെസ്റ്റ് മിഡ്ലാന്റ് പോലീസ് ഇറക്കുകയും ചെയ്തു. പന്ത്രണ്ട് വയസ്സുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റേസിസം ഒരിക്കലും തങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നുമായിരുന്നു പോലീസ് അറിയിച്ചത്. അതേസമയം പയ്യനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ തങ്ങളുടെ ഭാഗത്തു നിന്നും കടുത്ത നടപടി സ്വീകരിക്കുമെന്ന് ആസ്റ്റൺ വില്ല അറിയിച്ചു. ലൈഫ്ടൈം ബാൻ നൽകാൻ തങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും ആസ്റ്റൺ വില്ല ഫുട്ബോൾ ലോകത്തെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *