സാഞ്ചോക്ക് വിലപറഞ്ഞ് യുണൈറ്റഡ്, ഒരിക്കലും നടക്കില്ലെന്ന് ബൊറൂസിയ

ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവസൂപ്പർ താരം ജേഡൻ സാഞ്ചോയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ ആരംഭിച്ചിട്ട് കുറച്ചധികം നാളുകളായി. ഈ ട്രാൻസ്ഫർ വിൻഡോയിൽ പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന താരത്തിനെ ടീമിലെത്തിക്കാൻ യൂണൈറ്റഡിനും ആഗ്രഹമുണ്ട്. എന്നാൽ സാമ്പത്തികമായ പ്രശ്നങ്ങളാണ് ഇതിന് തടസമായി നിൽക്കുന്നത്. അതിന് ഉത്തമോദാഹരണമായിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് വേണ്ടി പറഞ്ഞ പുതിയ വില. സാഞ്ചോക്ക് വേണ്ടി അൻപത് മില്യൺ പൗണ്ടിൽ കൂടുതൽ തുക തങ്ങൾ മുടക്കില്ലെന്നാണ് യുണൈറ്റഡ് ബൊറൂസിയയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതൊരിക്കലും സാധ്യമാവില്ലെന്ന് ബൊറൂസിയയും അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. യുണൈറ്റഡ് വാഗ്ദാനം ചെയ്തതിന്റെ ഇരട്ടിലഭിക്കണമെന്നാണ് ബൊറൂസിയ ആവിശ്യപ്പെട്ടിരിക്കുന്നത്.അതായത് നൂറു മില്യൺ പൗണ്ട് ലഭിക്കാതെ താരത്തെ വിട്ടുനൽകില്ലെന്ന നിലപാടിലാണ് ഡോർട്മുണ്ട്. സ്കൈ സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഇതോടെ ഡീൽ നടക്കാനുള്ള സാധ്യതകൾ ഇല്ലാതാവുകയാണ്. അൻപത് മില്യൺ പൗണ്ടിന് താരത്തെ വിട്ടുനൽകാൻ ബൊറൂസിയ ഒരിക്കലും തയ്യാറാവില്ല എന്നാണ് വ്യക്തമാവുന്നത്. ഇതോടെ യുണൈറ്റഡ് ആരാധകർക്കിടയിൽ വലിയ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ക്ലബ്ബിനെ പ്രതാപകാലത്തേ ഫോമിലേക്ക് എത്തിക്കാൻ കുറച്ചധികം പണം ചിലവഴിക്കേണ്ടി വരുമെന്നാണ് അവരുടെ അഭിപ്രായം. അതേ സമയം യുണൈറ്റഡ് പുതിയൊരു സ്‌ട്രൈക്കറെ കൂടി സൈൻ ചെയ്യുമെന്ന് പരിശീലകൻ സോൾഷ്യാർ അറിയിച്ചിരുന്നു. എന്നാൽ നല്ല തുക മുടക്കി സൂപ്പർ താരങ്ങളെയൊന്നും യുണൈറ്റഡ് കൊണ്ടു വരില്ലെന്ന് ഇതിൽ നിന്ന് ഉറപ്പാണ്. 2017 ഓഗസ്റ്റിൽ ആയിരുന്നു സാഞ്ചോ ബൊറൂസിയയിൽ എത്തിയത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് കേവലം എട്ട് മില്യൺ പൗണ്ടിനായിരുന്നു ട്രാൻസ്ഫർ നടന്നത്. ഇനിയും രണ്ട് വർഷം കൂടി താരത്തിന് ഡോർട്മുണ്ടിൽ കരാർ അവസാനിക്കുന്നുണ്ട്. എന്നാൽ താരത്തിന് ഈ സീസൺ കഴിഞ്ഞാൽ ജന്മനാട്ടിലേക്ക് മടങ്ങണം. ഈ ബുണ്ടസ്‌ലീഗയിൽ പതിനാറ് ഗോളും പതിനേഴ് അസിസ്റ്റുമായി താരം മിന്നിത്തിളങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *