സലായെ ലിവർപൂൾ കൈവിടുന്നു,താരം ലാലിഗയിലേക്ക്?
ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരമായ മുഹമ്മദ് സലായുടെ ക്ലബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. പുതുക്കാനുള്ള ശ്രമങ്ങൾ ലിവർപൂൾ നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.സലാ ആവശ്യപ്പെടുന്ന സാലറി നൽകാൻ ലിവർപൂൾ തയ്യാറാവാതെയിരിക്കുകയായിരുന്നു.
താരത്തിന്റെ കരാർ പുതുക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ സലാ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.അത്കൊണ്ട് തന്നെ താരം കരാർ പുതുക്കുന്നില്ലെങ്കിൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ സലായെ കൈവിടാനാണ് ലിവർപൂൾ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.70 മില്യൺ യുറോയാണ് ഈ സൂപ്പർ താരത്തിന്റെ വിലയായി കൊണ്ട് ലിവർപൂൾ കണ്ടു വെച്ചിരിക്കുന്നത്.
മാത്രമല്ല സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് സലായിൽ താല്പര്യമുണ്ട് എന്നുള്ളതും ഇപ്പോൾ അറിയാൻ സാധിക്കുന്നുണ്ട്. സൂപ്പർ താരം കിലിയൻ എംബപ്പേയെ സ്വന്തമാക്കാൻ റയലിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മുന്നേറ്റ നിരയിലേക്ക് മറ്റൊരു സൂപ്പർ താരത്തെ എത്തിക്കാൻ റയൽ ഉദ്ദേശിക്കുന്നുണ്ട്. ആ സ്ഥാനത്തേക്കാണ് റയൽ സലായെ പരിഗണിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രമുഖ മാധ്യമങ്ങളായ ഡൈലി മെയിൽ,മുണ്ടോ ഡിപ്പോർട്ടിവോ എന്നിവരാണ് ഈ ട്രാൻസ്ഫർ റൂമർ പങ്കുവെച്ചിട്ടുള്ളത്.
‼ Los dueños del Liverpool venderían a Salah por 70 millones de euros y el Real Madrid podría ir a por élhttps://t.co/Qhw5HsM9ga
— Mundo Deportivo (@mundodeportivo) June 25, 2022
സൂപ്പർ താരം സാഡിയോ മാനെ ലിവർപൂൾ വിട്ടു കൊണ്ട് ബയേണിലേക്ക് ചേക്കേറിയിരുന്നു. എന്നിരുന്നാൽ പോലും നിരവധി സൂപ്പർ താരങ്ങൾ ലിവർപൂളിന് തങ്ങളുടെ മുന്നേറ്റനിരയിൽ ലഭ്യമാണ്.ഡിയോഗോ ജോട്ട,ലൂയിസ് ഡിയാസ്,ഡാർവിൻ നുനസ് എന്നിവരെ ഇപ്പോൾ തന്നെ ലിവർപൂളിന് ലഭ്യമാണ്.
കഴിഞ്ഞ സീസണിൽ ആകെ 31 ഗോളുകൾ നേടിയ സലായാണ് ലിവർപൂളിന്റെ ടോപ് സ്കോറർ. മാത്രമല്ല കഴിഞ്ഞ പ്രീമിയർലീഗിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സലാ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്രയും പ്രധാനപ്പെട്ട താരമായ സലായെ കൈവിട്ടാൽ അത് ലിവർപൂളിന് നികത്താനാവാത്ത നഷ്ടമായിരിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.