ഷേക്ക്ഹാൻഡ് അടിപൊട്ടുന്നതിന്റെ വക്കിലെത്തി,പ്രതികരിച്ച് കോന്റെയും ടുഷെലും!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന ടോട്ടെൻഹാമും ചെൽസിയും തമ്മിലുള്ള പോരാട്ടം സമനിലയിൽ കലാശിച്ചിരുന്നു.ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് സമനില പിരിയുകയായിരുന്നു. മത്സരം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് കെയ്ൻ നേടിയ ഗോളിലൂടെ ടോട്ടെൻഹാം സമനില പിടിക്കുകയായിരുന്നു.
എന്നാൽ ഈ മത്സരത്തിലുടനീളം അനിഷ്ട സംഭവങ്ങൾ അരങ്ങേറി. അതായത് ഇരു ടീമിലെയും താരങ്ങൾ പരസ്പരം കൊമ്പ്കോർത്തിരുന്നു. ഇതിന് പിന്നാലെ മത്സരത്തിന്റെ അവസാനത്തിൽ പരിശീലകരായ അന്റോണിയോ കോന്റെയും തോമസ് ടുഷെലും മുഖാമുഖം വന്നു. അതായത് ഇരുവരും തമ്മിൽ ഷേക്ക്ഹാൻഡ് നൽകിയത് അവസാനത്തിൽ തർക്കത്തിൽ കലാശിക്കുകയായിരുന്നു.തുടർന്ന് ഒപ്പമുള്ളവർ പിടിച്ചുമാറ്റി.ഇരുവർക്കും റെഡ് കാർഡ് ലഭിക്കുകയും ചെയ്തു.
ഏതായാലും ഈ വിഷയത്തിൽ പരിശീലകരും ഇപ്പോൾ തങ്ങളുടെ പ്രതികരണങ്ങൾ അറിയിച്ചിട്ടുണ്ട്. ചെൽസി പരിശീലകനായ ടുഷെൽ പറഞ്ഞത് ഇങ്ങനെയാണ്.
” ഞങ്ങൾ പരസ്പരം ഷേക്ക്ഹാൻഡ് നൽകിയതിനു ശേഷം അദ്ദേഹത്തിന്റെ കണ്ണിലേക്ക് നോക്കാനായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ അന്റോണിയോക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമായിരുന്നു. അത് ആ നിമിഷത്തിൽ സംഭവിച്ചു പോയതാണ്. മത്സരത്തിന്റെ ഫലത്തിൽ അദ്ദേഹം സന്തോഷവാനായിരുന്നു. എന്നാൽ ഞാൻ അങ്ങനെയല്ലായിരുന്നു.എനിക്ക് റെഡ് കാർഡ് കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു.പക്ഷേ അത് അനാവശ്യമായിരുന്നു. റഫറിയുടെ ഒരുപാട് മോശം തീരുമാനങ്ങളിൽ ഒന്ന് മാത്രമായിരുന്നു അത് ” ഇതാണ് ടുഷെൽ പറഞ്ഞത്.
TUCHEL VS CONTE: ROUND TWO!!! 🤬🤬 pic.twitter.com/XhWuOU4fwD
— Sky Sports Premier League (@SkySportsPL) August 14, 2022
അതേസമയം അന്റോണിയോ കോന്റെ പറഞ്ഞത് ഇങ്ങനെയാണ്. ” ഏറ്റവും നല്ല കാര്യം ഇപ്പോൾ മത്സരത്തെക്കുറിച്ച് മാത്രം സംസാരിക്കുക എന്നുള്ളതാണ്. ഇരു ടീമുകളെ സംബന്ധിച്ചിടത്തോളം ഈ മത്സരം ഒരല്പം സങ്കീർണമായിരുന്നു. മറ്റുള്ള കാര്യങ്ങളിൽ പ്രതികരിക്കാൻ ഞാനിപ്പോൾ ഉദ്ദേശിക്കുന്നില്ല. കാരണം അതിനൊന്നും യാതൊരുവിധ പ്രാധാന്യവുമില്ല ” ഇതാണ് കോന്റെ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇരുവരും തമ്മിലുള്ള ഈ കൊമ്പ് കോർക്കൽ തന്നെയാണ് ഇന്നലെ ഇംഗ്ലീഷ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.