വെർണറെ ചെൽസിയിലെത്തിച്ചത് റൂഡിഗർ, അടുത്ത ലക്ഷ്യം ഹാവെർട്സ് !

ചെൽസി പ്രതിരോധനിര താരം അന്റോണിയോ റൂഡിഗർ ഇപ്പോൾ മറ്റൊരു വിധത്തിലാണ് ക്ലബ്ബിനെ സഹായിക്കുന്നത്. ചെൽസി നോട്ടമിട്ട താരങ്ങളെ വിളിച്ചു അവരെ ചെൽസിയിലേക്ക് വരാൻ പ്രേരിപ്പിക്കുന്ന ചുമതലയാണ് ചെൽസിയുടെ രണ്ട് ട്രാൻസ്ഫറുകളിൽ അന്റോണിയോ റൂഡിഗർക്കുള്ളത്. അതിൽ ഒന്ന് വിജയകരമായി പൂർത്തിയാക്കിയ റൂഡിഗർ അടുത്ത ലക്ഷ്യം നിറവേറ്റാനുള്ള ഒരുക്കത്തിലാണ്. ജർമൻ താരങ്ങളായ ടിമോ വെർണർ, കായ്‌ ഹാവെർട്സ് എന്നീ താരങ്ങളെ ക്ലബിൽ എത്തിക്കാൻ മുൻകൈ എടുക്കുന്നത് ചെൽസിയുടെ ജർമ്മൻ താരമായ അന്റോണിയോ റൂഡിഗർ ആണെന്നാണ് റിപ്പോർട്ടുകൾ. ജർമനിയിലെ ബിൽഡ് ഉൾപ്പടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ആർബി ലെയ്പ്സിഗ് സ്ട്രൈക്കെർ ടിമോ വെർണറിനെ ചെൽസി ടീമിൽ എത്തിച്ചിരുന്നു. ഇതിന് പിന്നിൽ നിർണായകപങ്ക് വഹിച്ചത് റൂഡിഗർ ആണെന്നാണ് വാർത്തകൾ. താരം വെർണറിനെ വിളിക്കുകയും ചെൽസിയിലേക്ക് വരാൻ കൺവിൻസ്‌ ചെയ്യുകയുമായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.

ഇതിന് ശേഷം റൂഡിഗർ തന്റെ അടുത്ത ദൗത്യം ആരംഭിച്ചു കഴിഞ്ഞു എന്നാണ് വാർത്തകൾ. താരം ബയേർ ലെവർകൂസന്റെ യുവസൂപ്പർ താരം കായ് ഹാവെർട്സിനേയും കോൺടാക്ട് ചെയ്തിട്ടുണ്ട്. ചെൽസിയിലേക്ക് വരാൻ താരത്തെ പ്രേരിപ്പിക്കുകയും തുടർന്ന് താരം ചെൽസിയിലേക്ക് വരാൻ ആഗ്രഹം അറിയിക്കുകയും ചെയ്തതായാണ് വാർത്തകൾ. ഇതിനാൽ താരത്തെ ടീമിൽ എത്തിക്കാനുള്ള ചർച്ചകൾ ബയേറും ചെൽസിയും തമ്മിൽ പുരോഗമിക്കുന്നുണ്ട്. ഹാവെർട്സ് തുടക്കത്തിൽ ബയേണിലേക്ക് ചേക്കേറാൻ ആണ് ആഗ്രച്ചിരുന്നുവെങ്കിലും അത് മാറ്റി ചിന്തിപ്പിക്കാൻ കാരണക്കാരനായത് റൂഡിഗർ ആണെന്നായിരുന്നു ജർമ്മൻ മാധ്യമങ്ങളുടെ കണ്ടെത്തൽ. താരത്തെ ചെൽസി ജേഴ്സിയിൽ കാണാൻ ആഗ്രഹമുണ്ടെന്ന് മുൻപ് താരം പ്രസ്താവിച്ചിരുന്നു. ” പ്രതിഭാധനനായ താരമാണ് ഹാവെർട്സ്. ജർമ്മൻ ടീമിലെ പരിശീലനവേളയിൽ വെച്ച് ഞാൻ താരത്തിന്റെ പ്രകടനം കണ്ടപ്പോൾ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. അദ്ദേഹത്തെ ചെൽസിയിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞാൽ അത് നുണയാണെന്ന് നിങ്ങൾക്ക് തന്നെ അറിയാം. ഏറെ കാലം മുൻപ് തന്നെ അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്. കുറച്ചു മുൻപ് ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു.ലോക്ക്ഡൗണിന്റെ സമയത്ത് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉടനെ തന്നെ അത് സാധിക്കും എന്നാണ് ഞാൻ കരുതുന്നത് ” സ്കൈ ജെർമനിക്ക് നൽകിയ അഭിമുഖത്തിൽ റൂഡിഗർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *