വീണ്ടും ആരാധകരുടെ കയ്യേറ്റം,ഇംഗ്ലീഷ് ഫുട്ബോളിന് ഇത് നാണക്കേടിന്റെ കാലം!

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻഷിപ്പ് രണ്ടാംപാദ സെമി ഫൈനൽ പോരാട്ടത്തിൽ ഒരുപിടി അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിരുന്നു.ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിൽ പ്രവേശിക്കാൻ നോട്ടിങ്ഹാമിന് സാധിച്ചിരുന്നു.എന്നാൽ അതിനു ശേഷം കളിക്കളം കയ്യേറിയ നോട്ടിങ്ഹാം ആരാധകരിൽ ഒരാൾ ഷെഫീൽഡ് നായകനായ ബില്ലി ഷാർപ്പിനെ ആക്രമിക്കുകയായിരുന്നു. രക്തമൊഴുകി കൊണ്ടാണ് അദ്ദേഹത്തിന് കളം വിടേണ്ടി വന്നത്.

ഈ സംഭവം നടന്ന് 24 മണിക്കൂർ പിന്നിടും മുമ്പേ സമാനമായ സംഭവം ഇംഗ്ലീഷ് ഫുട്ബോളിൽ വീണ്ടും നടന്നിട്ടുണ്ട്.ലീഗ് ടൂവിൽ നടന്ന പ്ലേ ഓഫ് മത്സരത്തിൽ നോർത്താപ്റ്റണും മാൻസ്ഫീൽഡും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നോർത്താപ്റ്റൺ പരാജയപ്പെട്ടു കൊണ്ട് പുറത്താവുകയായിരുന്നു.

ഇതിന് പിന്നാലെ നോർത്താപ്റ്റന്റെ രണ്ട് ആരാധകർ കളിക്കളത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.തുടർന്ന് മാൻസ്ഫീൽഡ് താരങ്ങളെ ഇവർ കയ്യേറ്റം ചെയ്തു.എന്നാൽ ഉടൻ തന്നെ ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. മാത്രമല്ല ആരാധകർ കളത്തിലേക്ക് ഫ്ലയർ എറിഞ്ഞതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഏത് ടീമിന്റെ ആരാധകരാണ് ഫ്ലയർ എറിഞ്ഞത് എന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല.

ഏതായാലും ഇംഗ്ലീഷ് ഫുട്ബോളിൽ നിലവിൽ തുടർച്ചയായി ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. ഇത്തരം സംഭവവികാസങ്ങൾ ആവർത്തിക്കാതിരിക്കാൻ ഓഫീഷ്യൽസ് ശ്രദ്ധിക്കേണ്ടതുണ്ട് എന്നുള്ളത് ഒട്ടുമിക്ക ക്ലബ്ബ് അധികൃതരും തുറന്നു പറഞ്ഞിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *