വീട്ടിൽ തിരിച്ചെത്താനായതിൽ സന്തോഷം: ചെൽസിയിൽ മടങ്ങിയെത്തിയ ജോൺ ടെറി പറയുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയുടെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളാണ് ജോൺ ടെറി. 1998 മുതൽ 2017 വരെ ഇദ്ദേഹം ചെൽസിയുടെ ഭാഗമായിരുന്നു.ക്ലബ്ബിന് വേണ്ടി ആകെ 717 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. ക്ലബ്ബിനോടൊപ്പം 5 പ്രീമിയർ ലീഗ് കിരീടങ്ങൾ,5 എഫ്എ കപ്പുകൾ,ചാമ്പ്യൻസ് ലീഗ്,യൂറോപ ലീഗ് എന്നീ കിരീടങ്ങൾ ഒക്കെ അദ്ദേഹം നേടിയിട്ടുണ്ട്.
ഒരു ചെറിയ ഇടവേളക്ക് ശേഷം ജോൺ ടെറി ഇപ്പോൾ ചെൽസിയിൽ തന്നെ മടങ്ങി എത്തിയിട്ടുണ്ട്. ചെൽസിയുടെ അക്കാദമിയിൽ ആയിരിക്കും അദ്ദേഹം പ്രവർത്തിക്കുക.അദ്ദേഹത്തിന്റെ കൃത്യമായ റോൾ എന്താണെന്ന് വ്യക്തമല്ല. പക്ഷേ താരങ്ങളെ സ്കൗട്ട് ചെയ്യുക എന്ന ഉത്തരവാദിത്തമായിരിക്കും ടെറിക്ക് ലഭിക്കുക എന്നാണ് സൂചനകൾ. ഏതായാലും ചെൽസയിലേക്ക് മടങ്ങിയെത്താൻ സാധിച്ചതിൽ ഇപ്പോൾ ഇതിഹാസം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.
I’m delighted to be back Home working in the Academy.@ChelseaFC 💙 pic.twitter.com/QBJtPUoPdm
— John Terry (@JohnTerry26) July 7, 2023
” വീട്ടിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷം. ക്ലബ്ബിലെ അക്കാദമിയിലാണ് ഞാൻ വർക്ക് ചെയ്യുക. ക്ലബ്ബിലെ എന്റെ റോൾ ഞാൻ തുടരുക തന്നെ ചെയ്യും “ഇതാണ് ജോൺ ടെറി കുറിച്ചിട്ടുള്ളത്. 2018ലായിരുന്നു ഇദ്ദേഹം ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നീട് ആസ്റ്റൻ വില്ല,ലെസ്റ്റർ സിറ്റി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് പരിശീലകന്റെ റോളിൽ ഇദ്ദേഹം ഉണ്ടായിരുന്നു.
ഏതായാലും അടുത്ത സീസണിലേക്ക് ചെൽസി മികച്ച ഒരുക്കങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഒരുപാട് താരങ്ങളെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അവർ ഒഴിവാക്കിയിരുന്നു. പുതിയ പരിശീലകനായി കൊണ്ട് പോച്ചെട്ടിനോയെ ചെൽസി എത്തിച്ചിട്ടുണ്ട്.ഒരു പുതിയ തുടക്കം തന്നെയാണ് ചെൽസി ഇപ്പോൾ ലക്ഷ്യമിടുന്നത്.