വിവേചനം കാണിക്കുന്നു: പ്രീമിയർ ലീഗിനെതിരെ കേസ് നൽകി മാഞ്ചസ്റ്റർ സിറ്റി!
സമീപകാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തുന്ന ക്ലബ്ബാണ് മാഞ്ചസ്റ്റർ സിറ്റി.ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടവും അവരാണ് സ്വന്തമാക്കിയത്.അവസാനത്തെ നാലുവർഷവും അവർ തന്നെയാണ് ജേതാക്കൾ. ഖത്തർ ഉടമസ്ഥർ വന്നതോടുകൂടിയായിരുന്നു മാഞ്ചസ്റ്റർ സിറ്റി കൂടുതൽ കരുത്ത് പ്രാപിച്ചത്.
എന്നാൽ 115 FFP നിയമങ്ങൾ സിറ്റി ലംഘിച്ചതായി കൊണ്ട് പ്രീമിയർ ലീഗ് കണ്ടെത്തിയിരുന്നു.അതുകൊണ്ടുതന്നെ കടുത്ത ശിക്ഷ ഇക്കാര്യത്തിൽ അവരെ കാത്തിരിക്കുന്നുണ്ട്. എന്നാൽ ഇതിനിടെ പ്രീമിയർ ലീഗിനെതിരെ കേസ് നൽകിയിരിക്കുകയാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി.തങ്ങളുടെ ഉടമസ്ഥരോട് വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ചു കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി ലീഗിനെതിരെ കേസ് നൽകിയിട്ടുള്ളത്.
അതായത് 2021ൽ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി ഉടമസ്ഥർ ഏറ്റെടുത്തിരുന്നു. അന്ന് പ്രീമിയർ ലീഗ് APT നിയമം അഥവാ അസോസിയേറ്റഡ് പാർട്ടി ട്രാൻസാക്ഷൻ റൂൾസ് നടപ്പിലാക്കിയിരുന്നു. അതായത് ഗൾഫ് ഉടമസ്ഥതയിലുള്ള ക്ലബ്ബുകളുടെ സൈനിങ്ങുകളും സ്പോൺസർഷിപ്പ് ഡീലുകളും സങ്കീർണ്ണമാക്കുന്നതായിരുന്നു ഈ നിയമം.മറ്റുള്ള ക്ലബ്ബുകൾക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുമായിരുന്നില്ല. ഇക്കാര്യത്തിലാണ് അവർ കേസ് നൽകിയിട്ടുള്ളത്. ഗൾഫ് ഉടമസ്ഥതയിലുള്ള ക്ലബ്ബുകളോട് മാത്രം വിവേചനം കാണിക്കുന്ന ഈ നിയമം തികച്ചും അന്യായമാണ് എന്നാണ് മാഞ്ചസ്റ്റർ സിറ്റി ആരോപിച്ചിരിക്കുന്നത്.
ഏതായാലും അടുത്ത ആഴ്ച ഈ കേസിൽ ഒരു ഹിയറിങ് വെച്ചിട്ടുണ്ട്.അതിനുശേഷമാണ് ഇതിലെ പുരോഗതി വ്യക്തമാവുക. അതേസമയം 115 നിയമങ്ങൾ ലംഘിച്ച കേസിൽ വരുന്ന നവംബറിലാണ് ഹിയറിങ് തുടങ്ങുക.മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ വലിയ രൂപത്തിലുള്ള നിയന്ത്രണങ്ങളും ശിക്ഷകളും അവർക്ക് ഏറ്റുവാങ്ങേണ്ടി വരും.