വിവാദപരാമർശം,ലംപാർഡിനെതിരെ നടപടി!
കഴിഞ്ഞ മെഴ്‌സിസൈഡ് ഡെർബിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു എവെർടൺ പരാജയപ്പെട്ടിരുന്നത്. സൂപ്പർ താരങ്ങളായ റോബർട്ട്സൺ,ഒറിഗി എന്നിവരായിരുന്നു ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്.ഈ മത്സരത്തിനിടെ റഫറി എവെർട്ടണ് ഒരു പെനാൽറ്റി നിഷേധിച്ചിരുന്നു. ഇതിനെതിരെ എവെർടണിന്റെ പരിശീലകനായ ലംപാർഡ് നടത്തിയ പ്രതികരണം ഇപ്പോൾ വിവാദമായിട്ടുണ്ട്.
അതായത് ആ പെനാൽറ്റി ലിവർപൂളിനായിരുന്നുവെങ്കിൽ റഫറി അനുവദിച്ചേനെ എന്നായിരുന്നു ലംപാർഡ് പറഞ്ഞിരുന്നത്.എന്നാൽ ഈ പരാമർശം നിയമലംഘനമാണ് എന്നുള്ളത് എഫ്എ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കൂടാതെ ലംപാർഡിനോട് വിശദീകരണവും തേടിയിട്ടുണ്ട്.FA യുടെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്.
BREAKING: Everton manager Frank Lampard has been charged by the FA for the comments he made following the Merseyside derby 👇 pic.twitter.com/JpzeaXcR7S
— Sky Sports News (@SkySportsNews) May 4, 2022
” ഏപ്രിൽ 22 ന് നടന്ന ലിവർപൂളിനെതിരെയുള്ള മത്സരത്തിന് ശേഷം ഫ്രാങ്ക് ലംപാർഡ് നടത്തിയ പ്രസ്താവന FA റൂൾ E3 യുടെ ലംഘനമാണ്. മത്സരത്തിലെ റഫറിക്കെതിരെ പക്ഷപാതിത്വം ആരോപിക്കുകയും അദ്ദേഹത്തിന്റെ സമഗ്രതയെ ആക്രമിക്കുകയുമാണ് ലംപാർഡ് ചെയ്തിട്ടുള്ളത്. കൂടാതെ മത്സരത്തെ വിവാദങ്ങളിലേക്ക് വലിച്ചിടുകയും ചെയ്തു. ഈയൊരു വിഷയത്തിൽ വിശദീകരണം നൽകാൻ ലംപാർഡിന് മെയ് 9 വരെ FA സമയം അനുവദിക്കുന്നു ” ഇതായിരുന്നു അവരുടെ ഔദ്യോഗിക പ്രസ്താവന.
റെലഗേഷൻ സോണിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളിലാണ് നിലവിൽ എവെർടണുള്ളത്. കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ അട്ടിമറിക്കാൻ എവർടണ് സാധിച്ചിരുന്നു.