വിവാദനായകൻ എൻസോയെ ക്യാപ്റ്റനാക്കി, ന്യായീകരണവുമായി ചെൽസി പരിശീലകൻ!
കോപ്പ അമേരിക്ക സെലിബ്രേഷനിടെ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതിൽ പ്രധാനിയായിരുന്നു അർജന്റൈൻ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ്.വലിയ വിവാദമാണ് ഇത് തുടർന്ന് ഫുട്ബോൾ ലോകത്ത് ഉണ്ടായത്. ചെൽസി താരങ്ങൾ അടക്കം എൻസോക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ താരം ഉടൻ തന്നെ ക്ഷമാപണം നടത്തി. ചെൽസിയിൽ തിരിച്ചെത്തിയ എൻസോ എല്ലാവരോടും ക്ഷമ ചോദിക്കുകയും സ്വയം തിരുത്തുകയും ചെയ്തിരുന്നു.
ചെൽസി നായകനായ റീസ് ജെയിംസ് വീണ്ടും പരിക്കിന്റെ പിടിയിൽ അകപ്പെട്ടതോടെ പരിശീലകനായ മരെസ്ക്ക പുതിയ ക്യാപ്റ്റനായി കൊണ്ട് നിയമിച്ചത് എൻസോ ഫെർണാണ്ടസിനെയാണ്. ഈ വിവാദങ്ങളിലൊക്കെ അകപ്പെട്ട എൻസോയെ ക്യാപ്റ്റനാക്കിയതിൽ പലരും വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്വന്തം ഭാഗം വിവരിച്ചുകൊണ്ട് ചെൽസി പരിശീലകൻ രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, ഒരു റഫറൻസ് എന്ന നിലയിൽ സഹതാരങ്ങൾ അദ്ദേഹത്തെ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ജയിംസിന് പകരം എൻസോയെ ഞങ്ങൾ ക്യാപ്റ്റനായി കൊണ്ട് നിയമിച്ചത്. നമ്മൾ എല്ലാവരും തെറ്റ് ചെയ്യുന്നവരാണ്.എന്നാൽ എൻസോ അത് തിരിച്ചറിഞ്ഞ് തിരുത്തി എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.അതോടുകൂടി അതവിടെ അവസാനിച്ചിട്ടുണ്ട്. ഞാൻ എന്റെ ഭൂതകാലത്തിൽ ചില തെറ്റുകൾ ചെയ്തിട്ടുണ്ട്.പിന്നീട് അത് മനസ്സിലാക്കി തിരുത്തുകയും ചെയ്തിട്ടുണ്ട്. ഇത് എല്ലാവർക്കും സംഭവിക്കുന്ന ഒരു കാര്യമാണ്. തെറ്റ് മനസ്സിലാക്കി തിരുത്തിയതുകൊണ്ട് ജീവിതകാലം മുഴുവനും നിങ്ങൾ അതിന് പണിഷ്മെന്റ്അനുഭവിക്കേണ്ടി വരില്ല. എന്നെ സംബന്ധിച്ചിടത്തോളം എൻസോ ഏറ്റവും വലിയ റഫറൻസുകളിൽ ഒന്നാണ്. ഇനി ഇതിലേക്ക് കൂടുതലായിട്ട് എനിക്കൊന്നും പറയാനില്ല ‘ ഇതാണ് ചെൽസി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
എന്നാൽ മികച്ച ഒരു തുടക്കമല്ല ചെൽസിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അവർ പരാജയപ്പെട്ടു കഴിഞ്ഞു.ഹാലന്റ്,കൊവാസിച്ച് എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്. ഇനി അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ വോൾവ്സാണ് ചെൽസിയുടെ എതിരാളികൾ.