വില്ലനായും ഹീറോയായും ബ്രസീലിയൻ താരങ്ങൾ, സിറ്റിയെ മറികടന്ന് ചെൽസി

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിയൊന്നാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ സിറ്റിയെ കീഴടക്കി നീലപ്പട. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വന്തം മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് ചെൽസി സിറ്റിയെ തകർത്തു വിട്ടത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ബ്രസീലിയൻ താരം വില്യൻ നേടിയ പെനാൽറ്റി ഗോളിലാണ് ചെൽസി വിജയം കൊയ്തത്. ചെൽസിക്ക് വേണ്ടി പുലിസിച്ച് ആദ്യഗോൾ കണ്ടെത്തിയപ്പോൾ കെവിൻ ഡിബ്രൂയിനാണ് സിറ്റിയുടെ ഗോൾ നേടിയത്. തോൽവിയോടെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനോട് 23 പോയിന്റിന്റെ അകലമായി. ഫലമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ നേടുകയും ചെയ്തു.

പരിക്കേറ്റ സൂപ്പർ താരം സെർജിയോ അഗ്വേറൊ ഇല്ലാതെയാണ് പെപ് ഗ്വാർഡിയോള ആദ്യഇലവനെ കളത്തിലേക്കിറക്കിയത്.മെഹ്‌റസ്, ബെർണാഡോ സിൽവ, സ്റ്റെർലിങ് എന്നിവർ സിറ്റിയുടെ ആക്രമണനിരയെ നയിച്ചപ്പോൾ വില്യൻ, ജിറൂദ്, പുലിസിച്ച് എന്നിവരാണ് ചെൽസി ആക്രമണത്തിന് നേതൃത്വം നൽകിയത്. പതിവ് പോലെ സിറ്റി മികച്ച പന്തടക്കം കാണിച്ചുവെങ്കിലും ആദ്യഗോൾ പിറന്നത് ചെൽസിയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. മത്സരത്തിന്റെ മുപ്പത്തിയാറാം മിനിറ്റിൽ സിറ്റി ഡിഫൻഡർമാരായ മെന്റിയും ഗുണ്ടോഗനും വരുത്തി വെച്ച പിഴവിൽ നിന്നാണ് പുലിസിച്ച് ഗോൾ നേടിയത്. ഇരുവരും മധ്യവരയിൽ വെച്ച് ബോൾ എടുക്കാതെ ലീവ് ചെയ്യുകയായിരുന്നു. ബോൾ കിട്ടിയ പുലിസിച്ച് മികച്ച ഒരു കൌണ്ടർ അറ്റാക്കിലൂടെ ഗോൾ കണ്ടെത്തി. ആദ്യപകുതിയിൽ ഈ ഗോളിന്റെ ബലത്തിൽ ചെൽസി കളം വിട്ടു.

എന്നാൽ രണ്ടാം പകുതിയുടെ അൻപത്തിയഞ്ചാം മിനിറ്റിൽ സിറ്റി സമനില നേടി. തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഒരു തകർപ്പൻ ഫ്രീകിക്കിലൂടെ കെവിൻ ഡിബ്രൂയിൻ വലയിലെത്തിക്കുകയായിരുന്നു. 57-ആം മിനിറ്റിൽ സിറ്റിയുടെ കൌണ്ടർ അറ്റാക്കിങ്ങിൽ ഗോൾ നേടി എന്ന് തോന്നിച്ചുവെങ്കിലും സ്റ്റെർലിങ്ങിന്റെ ഷോട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. മത്സരത്തിന്റെ എഴുപത്തിയെട്ടാം മിനുട്ടിലാണ് ചെൽസിയുടെ രണ്ടാം ഗോൾ വരുന്നത്. ബ്രസീലിയൻ താരം ഫെർണാണ്ടിഞ്ഞോ ബോക്സിനകത്ത് വെച്ച് ബോൾ മനഃപൂർവം കൈ കൊണ്ട് തടുത്തിടുകയായിരുന്നു. വാർ ചെക്ക് ചെയ്ത റഫറി ഫെർണാണ്ടിഞ്ഞോക്ക് റെഡ് കാർഡ് വിധിക്കുകയും ചെൽസിക്ക് പെനാൽറ്റി നൽകുകയും ചെയ്തു. ഒരു പിഴവും കൂടാതെ ലക്ഷ്യത്തിലെത്തിച്ച ബ്രസീലിയൻ താരം വില്യൻ ചെൽസിക്ക് നിർണായകമായ മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തു. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ചെൽസി.

Leave a Reply

Your email address will not be published. Required fields are marked *