വില്യൻ ഇനി ആഴ്‌സണലിന് സ്വന്തം !

ബ്രസീലിയൻ സൂപ്പർ താരം വില്യൻ ഇനി പീരങ്കിപ്പടക്ക് വേണ്ടി പന്തു തട്ടും. താരത്തെ ക്ലബിൽ എത്തിച്ച കാര്യം ആഴ്‌സണൽ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മൂന്ന് വർഷത്തെ കരാറിലാണ് മുപ്പത്തിയഞ്ചുകാരനായ താരത്തെ ആഴ്‌സണൽ ക്ലബിൽ എത്തിച്ചത്. ദിവസങ്ങൾക്ക് മുൻപ് ചെൽസി വിട്ട കാര്യം വില്യൻ ഫുട്ബോൾ ലോകത്തെ അറിയിച്ചിരുന്നു. നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം ക്ലബ് വിടുന്നു എന്നാണ് താരം പുറത്തിറക്കിയ കുറിപ്പിൽ പ്രസ്താവിച്ചിരുന്നത്. ആഴ്‌സണലിലേക്ക് എന്ന അഭ്യൂഹങ്ങൾ കുറച്ചു മുൻപേ ഉണ്ടായിരുന്നു. ഒടുവിൽ ചെൽസിയുടെ നഗരവൈരികളായ ആഴ്‌സണലിലേക്ക് തന്നെ ബ്രസീലിയൻ താരം കൂടുമാറുകയായിരുന്നു.

താരത്തിന്റെ വരവ് ടീമിന് ശക്തി പകരുമെന്ന് പരിശീലകൻ ആർട്ടെറ്റ അറിയിച്ചു. ക്ലബിന്റെ അറ്റാക്കിങ് മിഡ്ഫീൽഡിൽ ഉള്ള അപര്യാപ്തതക്ക് പരിഹാരം കാണാൻ താരത്തിന് സാധിക്കുമെന്നും മൂന്നോ നാലോ പൊസിഷനിൽ കളിപ്പിക്കാൻ പറ്റിയ വ്യത്യസ്ഥനായ താരമാണ് വില്യൻ എന്നും ആർട്ടെറ്റ കൂട്ടിച്ചേർത്തു. ചെൽസിക്ക് വേണ്ടി 339 മത്സരങ്ങൾ കളിച്ച താരം 63 ഗോളും 56 അസിസ്റ്റും ഈ ഏഴ് വർഷകാലയളവിൽ നേടിയിട്ടുണ്ട്. ചെൽസിയോടൊപ്പം രണ്ട് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യൂറോപ്പ ലീഗ് എന്നിവ താരം നേടിയിട്ടുണ്ട്. 2011-ൽ ബ്രസീലിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം എഴുപത് മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബ്രസീൽ കോപ അമേരിക്ക നേടിയപ്പോൾ വില്യന് ടീമിൽ സ്ഥാനമുണ്ടായിരുന്നു. അതേസമയം മറ്റൊരു ബ്രസീലിയൻ താരമായ കൂട്ടീഞ്ഞോയെ കൂടി ആഴ്‌സണൽ നോട്ടമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *