വില്യന് പിന്നാലെ മറ്റൊരു ബ്രസീലിയൻ താരത്തെ കൂടി ടീമിൽ എത്തിച്ച് ആഴ്‌സണൽ.

ബ്രസീലിയൻ സൂപ്പർ താരം വില്യനെ ചെൽസിയിൽ നിന്നും റാഞ്ചിയതിന് പിന്നാലെ മറ്റൊരു ബ്രസീലിയൻ താരത്തെ കൂടി തങ്ങളുടെ തട്ടകത്തിലെത്തിച്ച് ആഴ്‌സണൽ. ഇന്നലെയാണ് ബ്രസീലിയൻ താരം ഗബ്രിയേൽ മഗല്ലസിനെ തങ്ങൾ സൈൻ ചെയ്ത കാര്യം ഔദ്യോഗികമായി ആഴ്‌സണൽ അറിയിച്ചത്. ഫ്രഞ്ച് ക്ലബായ ലില്ലെയുടെ പ്രതിരോധനിരതാരമായിരുന്നു ഈ ബ്രസീലിയൻ താരം. 27 മില്യൺ പൗണ്ടിനാണ് താരം ലില്ലെയിൽ നിന്നും ഗണ്ണേഴ്‌സിലേക്ക് ചേക്കേറിയത്. ബ്രസീലിയൻ താരങ്ങളായ വില്യനും ഡേവിഡ് ലൂയിസും പിന്നെ മഗല്ലസും ചേർന്നുള്ള ഒരു ഗ്രൂപ്പ്‌ വീഡിയോ കോൾ ചാറ്റിംഗ് പുറത്തു വിട്ടാണ് ആഴ്‌സണൽ ആരാധകരെ ഇക്കാര്യം അറിയിച്ചത്. ഈ രണ്ട് ബ്രസീലിയൻ താരങ്ങളും സഹതാരത്തെ സ്വാഗതം ചെയ്തു. ഇരുപത്തിരണ്ടുകാരനായ താരം മുമ്പ് ബ്രസീൽ അണ്ടർ 20 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ലില്ലെയിൽ അണിഞ്ഞ ആറാം നമ്പർ ജേഴ്സി തന്നെയാവും ആഴ്‌സണലിലും താരം അണിയുക.

അവൈ എന്ന ക്ലബ്ബിലൂടെ വളർന്ന താരം പിന്നീട് 2017-ൽ ലില്ലെയിലേക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് ഡിഫൻസിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെച്ച താരത്തെ ആഴ്‌സണൽ കൂടാതെ മറ്റു ക്ലബുകളും നോട്ടമിട്ടിരുന്നു. നാപോളി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവരെ തോൽപ്പിച്ചാണ് ആഴ്‌സണൽ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ഈ സീസണിലെ നാലാമത്തെ മേജർ സൈനിങ്‌ ആണ് ആഴ്സണലിന്റേത്. പാബ്ലോ മറിയെ ഫ്ലെമെങ്കോയിൽ നിന്നും സെഡ്രിക് സോറെസിനെ സൗതാംപ്റ്റനിൽ നിന്നും ആഴ്‌സണൽ സ്വന്തമാക്കിയിരുന്നു. തുടർന്ന് വില്യനെ ചെൽസിയിൽ നിന്നും റാഞ്ചി. അസാമാന്യമായ ക്വാളിറ്റി ഉള്ള താരമാണ് ഗബ്രിയേൽ എന്ന് പരിശീലകൻ ആർട്ടെറ്റ അഭിപ്രായപ്പെട്ടു. ടീമിന്റെ ഡിഫൻസിനെ ശക്തമാക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും ആർട്ടെറ്റ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *