വില്യന് ഓഫർ ലഭിച്ചത് അഞ്ച് ക്ലബുകളിൽ നിന്ന്, തീരുമാനം ഉടൻ !

ബ്രസീലിയൻ സൂപ്പർ താരം വില്യന് ആകെ അഞ്ച് ക്ലബുകളിൽ നിന്ന് ഓഫർ വന്നിട്ടുണ്ട് താരത്തിന്റെ ഏജന്റ്.കുറച്ചു മുൻപ് ടോക്ക്സ്പോർട്ടിനോട് സംസാരിക്കുന്ന വേളയിലാണ് താരത്തിന്റെ ഏജന്റ് ആയ കിയാ ജൂർബച്ചിയാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു എംഎൽഎസ്സ് ക്ലബ്, രണ്ട് പ്രീമിയർ ലീഗ് ക്ലബുകൾ, യൂറോപ്പിലെ തന്നെ മറ്റു രണ്ട് ക്ലബുകൾ എന്നിങ്ങനെയിൽ നിന്നാണ് താരത്തിന് ഓഫർ ലഭിച്ചത് എന്നാണ് താരത്തിന്റെ ഏജന്റിന്റെ വെളിപ്പെടുത്തൽ. എന്നാൽ ക്ലബുകളുടെ പേര് അദ്ദേഹം പുറത്തു പറഞ്ഞില്ല. എംഎൽഎസ് ക്ലബ് എന്നുള്ളത് ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമി ആണെന്ന് മുൻപ് തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഒരു പ്രീമിയർ ലീഗ് ക്ലബ് എന്നുള്ളത് ആഴ്‌സണൽ ആണ് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ തീരുമാനം എടുക്കേണ്ടത് താരമാണെന്നും എഫ്എ കപ്പിന് ശേഷം തീരുമാനം കൈക്കൊള്ളാനാണ് സാധ്യത എന്നുമാണ് റിപ്പോർട്ടുകൾ. താരത്തിന് ലണ്ടനിൽ തന്നെ തുടരാനാണ് ആഗ്രഹം. ഒരുപക്ഷെ ചെൽസിയുമായി പുതിയ കരാറിൽ ഏർപ്പെടും എന്നും കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത ഉണ്ടായിരുന്നു.

” അദ്ദേഹത്തിന്റേത് അവസാനിച്ചു എന്നൊന്നും ഞാൻ കരുതുന്നില്ല. ഞങ്ങൾക്ക് രണ്ട് വമ്പൻ ഓഫറുകൾ ലഭിച്ചിരുന്നു. ഒന്ന് എംഎൽഎസ്സിൽ നിന്നും ഒന്ന് പ്രീമിയർ ലീഗിൽ നിന്നും. ജൂലൈ ഒന്നിനായിരുന്നു എംഎൽഎസ്സിൽ നിന്നും ഓഫർ വന്നത്. അദ്ദേഹം എപ്പോഴും ഒരേ മാനസികാവസ്ഥയിൽ തന്നെയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് ഈ സീസൺ ചെൽസിയിൽ ഫിനിഷ് ചെയ്യണമെന്നും അതിന് ശേഷം തീരുമാനം എടുക്കുമെന്നുമാണ്. അദ്ദേഹത്തിന് രണ്ട് പ്രീമിയർ ലീഗ് ക്ലബുകളിൽ നിന്ന് ഓഫർ വന്നു, യൂറോപ്പിലെ മറ്റു രണ്ട് ക്ലബുകളിൽ നിന്ന് ഓഫർ വന്നു, എംഎൽഎസ്സിൽ നിന്നും ഓഫർ വന്നു. തീർച്ചയായും അദ്ദേഹം നല്ല പൊസിഷനിൽ തന്നെയാണ്. ഈ സീസണിന് ശേഷം അദ്ദേഹം തീരുമാനം കൈക്കൊള്ളും ” ജൂർബച്ചിയാൻ പറഞ്ഞു. എഫ്എ കപ്പിന്റെ ഫൈനലിൽ ചെൽസി ആഴ്‌സണലിനെയാണ് നേരിടുന്നത്. ഈ മത്സരത്തിന് ശേഷമായിരിക്കും അദ്ദേഹം തീരുമാനം എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *