വിമർശനങ്ങൾ, ഒടുവിൽ മൗനം വെടിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവർ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലൂടെയായിരുന്നു കടന്നു പോയി കൊണ്ടിരുന്നത്. പ്രീമിയർ ലീഗിൽ വിജയങ്ങൾ നേടാൻ സാധിക്കാത്തത് യുണൈറ്റഡിനും സോൾഷെയർക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും വിമർശനങ്ങൾ ഏൽക്കാൻ കാരണമായി.

എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ യുണൈറ്റഡ് ടോട്ടൻഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ തകർത്തു വിടുകയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ കളിയിലെ താരമാവുകയും ചെയ്തു. ഏതായാലും മത്സരശേഷം ഈ വിമർശനങ്ങളോട് റൊണാൾഡോ പ്രതികരിച്ചിട്ടുണ്ട്.വിമർശനങ്ങൾ എപ്പോഴും ഉണ്ടാവുമെന്നും എന്നാൽ അതൊന്നും തന്നെ അലട്ടില്ല എന്നുമാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്. മത്സരശേഷം ക്ലബ്ബിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” വിമർശനങ്ങൾ എപ്പോഴും ഉണ്ടാവും.പക്ഷേ അതൊന്നും എന്നെ അലട്ടുന്നില്ല. കാരണം ഞാൻ 18 വർഷമായി ഫുട്ബോൾ കളിക്കുന്നു. അതുകൊണ്ടുതന്നെ ആളുകൾ ഒരു ദിവസം നിങ്ങളെ പെർഫെക്ട് എന്നും മറ്റൊരു ദിവസം ഒന്നിനും കൊള്ളാത്തവരെന്നും വിളിക്കുമെന്നും എനിക്കറിയാം. അതിനെ ഞങ്ങൾ ഡീൽ ചെയ്യേണ്ടതുണ്ട് എന്നെനിക്കറിയാം.പക്ഷെ ആളുകൾ നിങ്ങളെ പുകഴ്ത്തുന്നതും നിങ്ങളിൽ സന്തോഷവാൻമാരായി ഇരിക്കുന്നതും മെച്ചപ്പെട്ട കാര്യമാണ്. ചില സമയങ്ങളിൽ നമുക്ക് മോശം നിമിഷങ്ങൾ ഉണ്ടാവും. അത് നമ്മൾ മറികടക്കേണ്ടതുണ്ട്.ഞങ്ങൾ ഇന്ന് അതിനെ മാറ്റിമറിച്ചിരിക്കുന്നു.ടീം ഇന്ന് ചെറിയ സമ്മർദ്ദത്തിലായിരുന്നു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം സങ്കടകരമായിരുന്നു.പക്ഷേ ഞങ്ങൾക്ക്‌ ഒരു നല്ല ഉത്തരം കണ്ടെത്താൻ സാധിച്ചു.തീർച്ചയായും എന്റെ എക്സ്പീരിയൻസ് കൊണ്ട് ടീമിനെ സഹായിക്കുക എന്നുള്ളതാണ് എന്റെ ജോലി.ഇന്ന് ഞാനത് ചെയ്തു. സന്തോഷം തോന്നുന്നു. പക്ഷേ ടീമെന്ന നിലയിൽ അവിശ്വസനീയമായ പ്രകടനമാണ് ഇന്ന് ഞങ്ങൾ പുറത്തെടുത്തിട്ടുള്ളത് ” ക്രിസ്റ്റ്യാനോ പറഞ്ഞു.

ഏതായാലും സോൾഷെയർക്ക്‌ താൽകാലിക ആശ്വാസം നൽകുന്നതാണ് ഈ വിജയം.എന്തെന്നാൽ ഇനി അറ്റലാന്റ, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *