വരുന്നു,ഹോസേ മൊറിഞ്ഞോ ഒരിക്കൽ കൂടി പ്രീമിയർ ലീഗിലേക്ക്!
പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണ്. അവസാനമായി കളിച്ച പല മത്സരങ്ങളിലും ചെൽസി പരാജയപ്പെടുകയായിരുന്നു.പ്രീമിയർ ലീഗിൽ നിലവിൽ പത്താം സ്ഥാനത്താണ് ചെൽസി ഉള്ളത്. 20 മത്സരങ്ങളിൽ നിന്ന് കേവലം 29 പോയിന്റ് മാത്രമാണ് ചെൽസിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.
ഈ സീസണിലായിരുന്നു ഗ്രഹാം പോട്ടർ ചെൽസിയുടെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്. പക്ഷേ അദ്ദേഹത്തിന്റെ സ്ഥാനം ഇപ്പോൾ തുലാസ്സിലാണ്.കൂടുതൽ താരങ്ങളെ ഈ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ചെൽസിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും മികച്ച പ്രകടനം നടത്തിയിട്ടില്ലെങ്കിൽ പോട്ടറുടെ സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ആ സ്ഥാനത്തേക്ക് ഹോസേ മൊറിഞ്ഞോ തിരിച്ചെത്തിയേക്കും എന്നുള്ള റൂമറുകൾ ഇപ്പോൾ വ്യാപകമാണ്.
Happy birthday Jose Mourinho 🥳 pic.twitter.com/Jadp9eBc10
— GOAL (@goal) January 26, 2023
പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിലും കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയുടെ പരിശീലകനാണ് ഹോസേ മൊറിഞ്ഞോ. കഴിഞ്ഞ സീസണിൽ റോമക്ക് യുവേഫ കോൺഫറൻസ് ലീഗ് നേടി കൊടുക്കാൻ മൊറിഞ്ഞോക്ക് സാധിച്ചിരുന്നു. ഈ സീസണിൽ സീരി എയിൽ അഞ്ചാം സ്ഥാനത്താണ് റോമയുള്ളത്. പക്ഷേ റോമയിൽ നിന്നും തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കാത്തത് മൊറിഞ്ഞോയെ അസംതൃപ്തനാക്കുന്നുണ്ട്. പ്രത്യേകിച്ച് സാമ്പത്തികപരമായി റോമ അധികൃതർ മൊറിഞ്ഞോയെ പിന്തുണക്കാത്തതാണ് അദ്ദേഹത്തെ അസംതൃപ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം മൊറിഞ്ഞോ ക്ലബ് വിട്ടേക്കും.
ചെൽസിയിലേക്ക് തിരിച്ചുവരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.മുമ്പ് രണ്ട് തവണ അദ്ദേഹം ചെൽസിയെ പരിശീലിപ്പിച്ചിട്ടുണ്ട്. ചെൽസിക്ക് മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കാൻ സാധിച്ചിട്ടുള്ള പരിശീലകൻ കൂടിയാണ് മൊറിഞ്ഞോ.അദ്ദേഹം എത്തുകയാണെങ്കിൽ നിലവിലെ പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കുമെന്നാണ് ഇപ്പോൾ ചെൽസി ആരാധകർ വിശ്വസിക്കുന്നത്.