വരാനെ തന്റെ മുൻ ക്ലബ്ബിലേക്ക് മടങ്ങിപ്പോകുന്നു!

2021ലായിരുന്നു ഫ്രഞ്ച് സൂപ്പർ താരമായ റാഫേൽ വരാനെ റയൽ മാഡ്രിഡിനോട് വിട പറഞ്ഞുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് ചേക്കേറിയത്. എന്നാൽ യുണൈറ്റഡിൽ പ്രതീക്ഷിച്ച രൂപത്തിൽ അല്ല കാര്യങ്ങൾ മുന്നോട്ടുപോയത്.തന്റെ യഥാർത്ഥ മികവ് പുറത്തെടുക്കാൻ അദ്ദേഹത്തിന് അവിടെ കഴിഞ്ഞില്ല.മാത്രമല്ല പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹം യുണൈറ്റഡ് വിടാൻ തീരുമാനിക്കുകയായിരുന്നു.

ഈ സീസണിന് ശേഷം താൻ ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല എന്നത് ഈ താരം തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ വരാനെ എങ്ങോട്ടാണ് പോകുന്നത് എന്നത് വ്യക്തമായിരുന്നില്ല. പക്ഷേ അദ്ദേഹം തന്നെ മുൻ ക്ലബ്ബിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബ്ബായ ലെൻസിലൂടെയായിരുന്നു അദ്ദേഹം തന്റെ കരിയർ ആരംഭിച്ചിരുന്നത്. ലെൻസിലേക്ക് തന്നെ മടങ്ങി പോകാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

താരത്തെ തിരികെ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ലെൻസ് പരിശീലകൻ തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷേ താരത്തിന്റെ സാലറി മാത്രമാണ് ഇവിടെ ഒരു തടസ്സമായി കൊണ്ട് നിലകൊള്ളുന്നത്. ഇത് പരിഹരിക്കപ്പെട്ടാൽ തീർച്ചയായും വരാനെ ലെൻസിലേക്ക് തന്നെ എത്തും.അവിടെ കരിയർ അവസാനിപ്പിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. റയൽ മാഡ്രിഡിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അത് സാധ്യമാകില്ല എന്നും കുറച്ച് മുൻപ് വരാനെ വ്യക്തമാക്കിയിരുന്നു. നിലവിൽ ലെൻസിലേക്ക് അദ്ദേഹം എത്താനാണ് സാധ്യത.

അതേസമയം മറ്റു ഓഫറുകളും അദ്ദേഹത്തിന് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മെക്സിക്കൻ ക്ലബ്ബായ ടൈഗ്രസ് അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. ലെൻസിലേക്ക് മടങ്ങിയെത്താൻ സാധിച്ചില്ലെങ്കിലാണ് വരാനെ മറ്റുള്ള ഓഫറുകളെ പരിഗണിക്കുക.ഫ്രഞ്ച് ദേശീയ ടീമിനോടൊപ്പം വേൾഡ് കപ്പ് നേടിയ ഇദ്ദേഹം കുറച്ച് മുൻപ് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. റയൽ മാഡ്രിഡിനോടൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ താരമാണ് വരാനെ.

Leave a Reply

Your email address will not be published. Required fields are marked *