വംശീയചുവയുള്ള പോസ്റ്റ്‌, എഡിൻസൺ കവാനിക്കെതിരെ അന്വേഷണം !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഉജ്ജ്വലതിരിച്ചു വരവ് നടത്തിക്കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കൈവരിച്ചിരുന്നു. രണ്ട് ഗോളുകൾക്ക്‌ പിറകിൽ നിന്ന ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ പകരക്കാരനായി വന്നു കൊണ്ട് മൂന്ന് ഗോളിലും പങ്കാളിത്തം വഹിച്ച കവാനിയാണ് ചുവന്ന ചെകുത്താൻമാരുടെ വീരപുരുഷനായത്. രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് താരം സ്വന്തമാക്കിയിരുന്നത്. എന്നാൽ അതിന് ശേഷം താരമിപ്പോൾ ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. മത്സരശേഷം വംശീയചുവയുള്ള പോസ്റ്റ്‌ പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് കവാനി കുരുക്കിയിലായിരിക്കുന്നത്. ‘ Gracias negrito ‘ എന്ന ക്യാപ്ഷനോട് കൂടി ഒരു പോസ്റ്റ്‌ പങ്കുവെച്ചതാണ് കവാനിക്ക്‌ വിനയായത്. കറുത്തവർഗക്കാരെ അധിക്ഷേപിക്കുകയാണ് ഇതുവഴി കവാനി ചെയ്തത്.

ഉടൻ തന്നെ കവാനി ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ വിവാദമായതോടെ എഫ്എയുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുകയായിരുന്നു. ഇതോടെ താരത്തിനെതിരെ അന്വേഷണം ഉണ്ടാവുമെന്ന് ഉറപ്പായി കഴിഞ്ഞു. മുമ്പ് താരത്തിന്റെ സഹതാരമായ ലൂയിസ് സുവാരസും ഇതേ വിഷയത്തിൽ ശിക്ഷകൾ നേരിട്ടിരുന്നു. 2011 ഒക്ടോബറിൽ പാട്രിക് എവ്‌റയെ ഇതേ വാചകം ഉപയോഗിച്ചു കൊണ്ട് ലൂയിസ് സുവാരസ് സംബോധനം ചെയ്തിരുന്നത്. ഇത് വിവാദമാവുകയും സുവാരസിനെ എട്ട് മത്സരങ്ങളിൽ നിന്ന് വിലക്കുകയും നാല്പതിനായിരം പൗണ്ട് പിഴയിടുകയും ചെയ്തിരുന്നു. കവാനി കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ഇതുപോലെയൊരു ശിക്ഷ താരം നേരിടേണ്ടി വരും. അതേസമയം ഇതിൽ എഫ്എയോ മാഞ്ചസ്റ്റർ യുണൈറ്റഡോ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. പക്ഷെ എഫ്എ അന്വേഷണം ആരംഭിക്കുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *