ലോകത്തെ മികച്ച താരം മെസ്സി, പ്രീമിയർ ലീഗിലലേത് മാനേ:സിൽവ
ലോകത്തെ ഏറ്റവും മികച്ച താരം ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയാണെന്ന് മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവ. ഈ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച നോൺ-സിറ്റി താരം സാഡിയോ മാനേയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ഒരു ചോദ്യോത്തരവേളയിലാണ് സിൽവ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. അതേ സമയം താരത്തിന്റെ സഹതാരമായ ഡിബ്രൂയിനും ഇതിനോട് യോജിച്ച് രംഗത്ത് വന്നു. ഈ പ്രീമിയർ ലീഗ് സീസണിലെ മികച്ച താരം അത് സാഡിയോ മാനേ തന്നെയാണ് എന്നാണ് ഡിബ്രൂയിന്റെയും അഭിപ്രായം.
” ലോകത്തെ ഏറ്റവും മികച്ച താരം, അതിന് എന്റെ കയ്യിൽ ലളിതമായ ഉത്തരമാണുള്ളത്. അത് മെസ്സിയാണ്. അതേ സമയം ഇംഗ്ലണ്ടിൽ മികച്ച താരം സാഡിയോ മാനേയാണ്. ലിവർപൂളിന് വേണ്ടി വളരെ നല്ല രീതിയിലുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്” സിൽവ പറഞ്ഞു. തന്നോടൊപ്പം കളിച്ച പത്ത് മികച്ച സിറ്റി താരങ്ങൾ ആരൊക്കെയാണ് എന്നുള്ളതിനും സിൽവ മറുപടി പറഞ്ഞു. ” തിരഞ്ഞെടുക്കുക എന്നത് ബുദ്ദിമുട്ടേറിയ കാര്യമാണ്. കെവിൻ ഡിബ്രൂയിൻ, യായ ടുറെ, കുൻ അഗ്വേറോ, വിന്നി, ജോ ഹർട്ട്, കാർലോസ് ടെവസ്, സെക്കോ എന്നിവരെല്ലാം തന്നെ എനിക്ക് പ്രിയപ്പെട്ട താരങ്ങളാണ് ” സിൽവ മറുപടി പറഞ്ഞു.