ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാൾ,യുണൈറ്റഡിലേക്ക് വരണം:പോർച്ചുഗീസ് സഹതാരത്തെക്കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്!
കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറഞ്ഞത്. താരത്തിന്റെ സ്ഥാനത്തേക്ക് മികച്ച ഒരു സ്ട്രൈക്കറെ എത്തിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങളെ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നുണ്ട്. അതിൽ ഒരു താരമാണ് ബെൻഫിക്കയുടെ പോർച്ചുഗീസ് താരമായ ഗോൺസാലോ റാമോസ്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ സ്വിറ്റ്സർലാന്റിനെതിരെ ഹാട്രിക്ക് നേടിക്കൊണ്ട് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടുള്ള താരമാണ് റാമോസ്. അദ്ദേഹത്തെക്കുറിച്ച് ഇപ്പോൾ ബ്രൂണോ ഫെർണാണ്ടസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അദ്ദേഹം വരുന്നതിനെ താൻ ഇഷ്ടപ്പെടുന്നു എന്നുമാണ് ബ്രൂണോ വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
“ഇത്പോലെ തുടർന്ന് പോവുകയാണെങ്കിൽ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി അദ്ദേഹം മാറും. അതിന്റെ തൊട്ടരിയിലാണ് നിലവിൽ ഗോൺസാലോ റാമോസ് ഉള്ളത്. പക്ഷേ അദ്ദേഹം കൂടുതൽ കോമ്പറ്റിറ്റീവ് ലീഗിലേക്ക് എത്തുകയും അത് തെളിയിക്കുകയും വേണം.തീർച്ചയായും അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അത് പുറത്തെടുക്കാനുള്ള ഏറ്റവും മികച്ച സ്ഥലം മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും കളിക്കാനുള്ള എല്ലാ ക്വാളിറ്റികളും റാമോസിനുണ്ട്.വരുന്ന വർഷങ്ങളിൽ മികച്ച ഒരു റഫറൻസ് ആയി മാറാൻ അദ്ദേഹത്തിന് സാധിക്കും. പക്ഷേ ഇവിടുത്തെ സ്പോർട്ടിംഗ് ഡയറക്ടർ ഞാൻ അല്ല. ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ട ആൾ ഞാനല്ലല്ലോ ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
Bruno Fernandes on Goncalo Ramos🗣:
— Players Sayings (@PlayersSayings) May 31, 2023
"I think he has all the qualities to play in the Premier League. And when I say Premier League I also say Manchester United." pic.twitter.com/hqTbOYA8bK
ഈ സീസണിൽ ബെൻഫിക്കക്ക് വേണ്ടി ആകെ കളിച്ച 47 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ താരം നേടിയിട്ടുണ്ട്.പക്ഷേ താരത്തെ സ്വന്തമാക്കണമെങ്കിൽ വലിയ ഒരു തുക തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുടക്കേണ്ടി വന്നേക്കും.120 മില്യൺ യുറോയാണ് റാമോസിന്റെ റിലീസ് ക്ലോസ്.ബെൻഫിക്ക നല്ലൊരു തുക തന്നെ ആവശ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.