ലോകത്തിലെ ഏറ്റവും മികച്ച ലീഗാണത്രേ? പ്രീമിയർ ലീഗിന് മൊറീഞ്ഞോയുടെ പരിഹാസം !

ഇന്നലെ പ്രീമിയർ ലീഗിൽ നടക്കേണ്ട ടോട്ടൻഹാം-ഫുൾഹാം മത്സരം അധികൃതർ മാറ്റിവെച്ചിരുന്നു. മത്സരം തുടങ്ങാൻ കുറച്ചു സമയം ബാക്കി നിൽക്കെയാണ് മത്സരം ഉപേക്ഷിച്ചതായി പ്രീമിയർ ലീഗ് അധികൃതർ അറിയിച്ചത്. കോവിഡ് ഭീഷണി നിലനിൽക്കുന്നത് കൊണ്ടാണ് ഈ മത്സരം മാറ്റിവെക്കാൻ പ്രീമിയർ ലീഗ് നിർബന്ധിതരായത്. എന്നാൽ അധികൃതരുടെ അനാസ്ഥക്കെതിരെ പരിഹാസമുയർത്തിയിരിക്കുകയാണ് ടോട്ടെൻഹാം പരിശീലകൻ ഹോസെ മൊറീഞ്ഞോ. അവസാനനിമിഷമാണ് മത്സരം മാറ്റിവെച്ച കാര്യം ടോട്ടൻഹാമിനെ പ്രീമിയർ ലീഗ് അറിയിക്കുന്നത്. ഇതാണ് മൊറീഞ്ഞോയെ ചൊടിപ്പിച്ചത്. മത്സരം നടക്കുമോ ഇല്ലയോ എന്നറിയാതെ ഒട്ടേറെ സമയം കാത്തുനിന്നതിനെയാണ് മൊറീഞ്ഞോ വിമർശിച്ചത്. തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ വഴിയാണ് മൊറീഞ്ഞോ വിമർശനം ഉന്നയിച്ചത്.

” മത്സരം ആറു മണിക്കാണ്. ഞങ്ങൾ കളിക്കുമോ ഇല്ലയോ എന്നുള്ളത് ഞങ്ങൾക്ക്‌ ഇപ്പോഴുമറിയില്ല. ലോകത്തിലെ ഏറ്റവും മികച്ച ലീഗാണത്രേ? ” പരിഹാസരൂപേണ മൊറീഞ്ഞോ കുറിച്ചു. ഇതിന് മുമ്പ് മാഞ്ചസ്റ്റർ സിറ്റി-എവെർട്ടൺ മത്സരവും കോവിഡ് ഭീഷണിയെ തുടർന്ന് മാറ്റിവെച്ചിരുന്നു. സ്ഥിതിഗതികൾ ഒരല്പം ഗുരുതരമാണെങ്കിലും പ്രീമിയർ ലീഗ് നിർത്തിവെക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ തന്നെ അറിയിച്ചിട്ടുണ്ട്. നിർത്തിവെക്കാൻ ആലോചിക്കുന്നില്ലെന്ന് ഔദ്യോഗികകുറിപ്പിലൂടെ പ്രീമിയർ ലീഗ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *