ലോകത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് സൺ-കെയ്ൻ സഖ്യമെന്ന് മുൻ ടോട്ടൻഹാം ഇതിഹാസം !

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഹോസെ മൊറീഞ്ഞോയുടെ ടോട്ടൻഹാം കാഴ്ച്ചവെക്കുന്നത്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ടോട്ടൻഹാം പത്ത് മത്സരങ്ങളിൽ ഒരേയൊരു തോൽവി മാത്രമാണ് വഴങ്ങിയിട്ടുള്ളത്. ഈ കുതിപ്പിന് പ്രധാനകാരണക്കാർ മുന്നേറ്റനിര താരങ്ങളായ ഹാരി കെയ്‌നും ഹ്യൂങ് മിൻ സണുമാണ്. ഉജ്ജ്വലഫോമിലാണ് ഇരുവരുമിപ്പോൾ കളിക്കുന്നത്. ഇതുവരെ പ്രീമിയർ ലീഗിൽ 29 ഗോളുകളാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ മാത്രം പിറന്നിട്ടുള്ളത്. 36 ഗോളുകൾ നേടിയ ദിദിയർ ദ്രോഗ്ബ, ഫ്രാങ്ക് ലംപാർഡ് സഖ്യം മാത്രമാണ് ഇവരുടെ മുമ്പിൽ ഉള്ളത്. ഈ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി കെയ്ൻ പതിമൂന്ന് ഗോളുകളും പതിനൊന്ന് അസിസ്റ്റുകളും ഇതുവരെ നേടിക്കഴിഞ്ഞു. സൺ ആവട്ടെ ഒമ്പത് പ്രീമിയർ ലീഗ് ഗോളുകളും നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ഇരുവരെയും പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ടോട്ടൻഹാം മുന്നേറ്റനിര താരം ഡെഫോ. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇരുവരും എന്നാണ്.

” കെയ്നിനും സണ്ണിനുമൊപ്പം അത്ഭുതകരമായ കാര്യങ്ങളാണ് മൊറീഞ്ഞോ ചെയ്യുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇരുവരും. ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എപ്പോഴും ടോപ്പിൽ ആയിരിക്കാൻ വേണ്ടി സ്ഥിരത പുലർത്തണം എന്നുള്ളതാണ്. അവർ രണ്ട് പേരും നന്നായി സ്ഥിരത പുലർത്തുന്നുണ്ട്. അത്‌ അവിശ്വസനീയമായ കാര്യമാണ്. സൺ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ വേഗത ടീമിന് ഗുണകരമാണ്. വേഗത കൊണ്ട് ആളുകളെ തോല്പിക്കാൻ അദ്ദേഹത്തിന് സാധിക്കും ” ഡെഫോ പറഞ്ഞു. ടോട്ടൻഹാമിന് വേണ്ടി നൂറ്റിയമ്പതോളം ഗോളുകൾ നേടിയ താരമാണ് ഡെഫോ.

Leave a Reply

Your email address will not be published. Required fields are marked *