ലെസ്റ്ററിനെ കീഴടക്കിയെങ്കിലും തിരിച്ചടിയായി പരിക്ക്, നിരാശ പ്രകടിപ്പിച്ച് ക്ലോപ് !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ലിവർപൂൾ ലെസ്റ്ററിനെതിരെ ഉജ്ജ്വലവിജയം നേടിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലെസ്റ്ററിനെ ക്ലോപിന്റെ സംഘം തകർത്തു വിട്ടത്. പരിക്കും കോവിഡും കാരണം സൂപ്പർ താരങ്ങളെല്ലാം പുറത്തിരുന്നിട്ടും അതൊന്നും ലിവർപൂളിനെ ബാധിച്ചിരുന്നില്ല.ലിവർപൂളിന് വേണ്ടി ജോട്ട, ഫിർമിനോ എന്നിവരാണ് ഗോളുകൾ നേടിയത്. ശേഷിച്ച ഒരു ഗോൾ ലെസ്റ്റർ താരം ഇവാൻസിന്റെ സെൽഫ് ഗോളായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ലിവർപൂളിന് സാധിച്ചു. ഒമ്പത് മത്സരങ്ങളിൽ നിന്ന് ഇരുപത് പോയിന്റാണ് ലിവർപൂളിന്റെ സമ്പാദ്യം. ഇത്രയും പോയിന്റുള്ള ടോട്ടൻഹാമാണ് ഒന്നാം സ്ഥാനത്ത്‌.

അതേസമയം വിജയം നേടിയെങ്കിലും ക്ലോപിന് നിരാശ സമ്മാനിച്ചത് സൂപ്പർ താരത്തിന്റെ പരിക്കാണ്. ഇന്നലത്തെ മത്സരത്തിൽ നബി കെയ്റ്റയാണ് പരിക്ക് മൂലം കളം വിട്ടത്. മസിൽ ഇഞ്ചുറിയാണ് താരത്തിന് പിടിപ്പെട്ടിരിക്കുന്നത്. എത്രകാലം താരം പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമല്ല. പരിക്കും കോവിഡും കാരണം ഒരുപിടി മികച്ച താരങ്ങളെ ക്ലോപിന് നഷ്ടമായിട്ടുണ്ട്. വിർജിൽ വാൻ ഡൈക്ക്, ജോ ഗോമസ്, ജോർദാൻ ഹെന്റെഴ്സൺ, തിയാഗോ അൽകാന്ററ, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, അലക്സ് ഓക്സ്ലൈഡ് ചേമ്പർലൈൻ, ഷെർദാൻ ഷാക്കിരി, സലാഹ് എന്നിവരെല്ലാം പുറത്താണ്. പരിക്ക് മൂലം പുറത്തായിരുന്ന ഫാബിഞ്ഞോ ഇന്നലത്തെ മത്സരത്തിൽ തിരിച്ചെത്തിയത് ആശ്വാസമേകുന്ന കാര്യമാണ്. ഈ താരങ്ങളുടെയെല്ലാം അഭാവത്തിലും മിന്നും വിജയം നേടാനായത് ലിവർപൂളിന് ആശ്വസിക്കാവുന്ന കാര്യമാണ്. ഇനി ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റക്കെതിരെയാണ് ലിവർപൂളിന്റെ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *