ലെയ്സെസ്റ്റർ സിറ്റിയുടെ ഡിഫൻഡറെ ക്ലബിൽ എത്തിക്കാൻ ബാഴ്സയുടെ നീക്കം !

ലെയ്സെസ്റ്റർ സിറ്റിയുടെ തുർക്കിഷ് ഡിഫൻഡർ കാഗ്ലാർ സോയുങ്കുവിന് വേണ്ടി സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ ഡയാറിയോ സ്പോർട്ട് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. മുപ്പത്തിരണ്ട് മില്യൺ പൗണ്ടിന്റെ ബിഡ് താരത്തിന് വേണ്ടി സമർപ്പിക്കാൻ ബാഴ്സ തയ്യാറായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരവുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ലെയ്സെസ്റ്റർ സിറ്റി നടത്തികൊണ്ടിരിക്കെയാണ് ബാഴ്സലോണയുടെ അപ്രതീക്ഷിതനീക്കം. കൂടാതെ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളും താരത്തിന് വേണ്ടി രംഗത്തുണ്ട്. നിലവിൽ മൂന്ന് വർഷം കൂടി താരത്തിന് ലെയ്സെസ്റ്റർ സിറ്റിയുമായി കരാറുണ്ട്.

2018-ലായിരുന്നു താരം ഫ്രീബർഗിൽ നിന്നും ലെയ്സെസ്റ്റർ സിറ്റിയിലേക്ക് എത്തിയത്. എന്നാൽ അതിന് മുൻപ് തന്നെ ബാഴ്സലോണ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് താരത്തിന്റെ ഏജന്റ് ആയ മുസ്‌തഫ ഡോഗ്രു വെളിപ്പെടുത്തിയിരുന്നു. തുർക്കിഷ് ക്ലബായ അൽറ്റിനോർദുവിൽ കളിക്കുന്ന കാലത്ത് ബാഴ്സ താരത്തിന് വേണ്ടി ക്ലബ്ബിനെ സമീപിച്ചിരുന്നു. എന്നാൽ കാഗ്ലർക്ക് ഫസ്റ്റ് ടീം പ്ലയെർ ആവണം എന്ന നിർബന്ധം ഉള്ളതിനാൽ താരം ബാഴ്‌സയെ തഴഞ്ഞ് ഫ്രീബർഗിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ മുൻ ഏജന്റ് ആയ ഡോഗ്രു തന്നെയാണ് ബാഴ്‌സ താരത്തെ ഈ സമ്മറിൽ സൈൻ ചെയ്യാനുള്ള സാധ്യതകൾ ഉണ്ടെന്ന് വെളിപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ ലിവർപൂളും ബുണ്ടസ്ലിഗയിൽ ബയേൺ മ്യൂണിക്കും താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്ന് ഇദ്ദേഹം അറിയിച്ചു. പക്ഷെ കഴിഞ്ഞ ഏപ്രിലിൽ നടന്ന ഒരു അഭിമുഖത്തിൽ തനിക്ക് ലെസ്റ്റർ സിറ്റി വിടാൻ താല്പര്യമില്ലെന്ന് ഇദ്ദേഹം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *