ലുക്കാക്കുവിന്റെ പ്രസ്താവന, നടപടിയെടുക്കാൻ ചെൽസി!
കഴിഞ്ഞ ദിവസമായിരുന്നു ചെൽസി സൂപ്പർ താരം റൊമേലു ലുക്കാക്കുവിന്റെ പുതിയ ഇന്റർവ്യൂ പുറത്ത് വന്നത്. ചെൽസിയിൽ താൻ ഹാപ്പിയല്ല എന്ന കാര്യം ലുക്കാക്കു പറഞ്ഞിരുന്നു. കൂടാതെ ചെൽസിയുടെ പരിശീലകനായ തോമസ് ടുഷേലിനെതിരെയും ലുക്കാക്കു വിമർശനങ്ങൾ ഉയർത്തിയിരുന്നു.
ഇതിന് പുറമേ തന്റെ മുൻ ക്ലബായ ഇന്റർ മിലാനെ താരം വാനോളം പ്രശംസിക്കുകയും ചെയ്തിരുന്നു. താൻ ഇന്റർ മിലാൻ വിട്ടത് അബദ്ധമായി പോയെന്നും ഇന്ററിലേക്ക് തന്നെ മടങ്ങാൻ താൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ലുക്കാക്കുവിന്റെ വെളിപ്പെടുത്തൽ.
Romelu Lukaku facing action after bombshell interview. #CFC https://t.co/efUFrnPttt
— The Sun Football ⚽ (@TheSunFootball) December 31, 2021
ഏതായാലും താരത്തിന്റെ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ചെൽസിക്കും ചെൽസി ആരാധകർക്കും ഇക്കാര്യത്തിൽ വലിയ അതൃപ്തിയുണ്ട്. അത്കൊണ്ട് തന്നെ ലുക്കാക്കുവിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ചെൽസി ആലോചിക്കുന്നുണ്ട്. പരിശീലകനായ തോമസ് ടുഷേൽ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലുക്കാക്കുവിനെതിരെ നടപടിയെടുക്കണോ എന്ന കാര്യത്തിൽ ഞങ്ങൾ സംസാരിക്കും.ഇക്കാര്യങ്ങൾ എല്ലാം തന്നെ ക്ലബ്ബിനകത്ത് വെച്ച് തന്നെ ഞങ്ങൾ ചർച്ച ചെയ്യും.അത്കൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് കൊണ്ട് പരസ്യപ്രസ്താവനകൾ നടത്താൻ ഉദ്ദേശിക്കുന്നില്ല ” ഇതാണ് ടുഷേൽ ഇതേ കുറിച്ച് പറഞ്ഞത്.
ലുക്കാക്കുവിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ആലോചിക്കുന്നുണ്ട് എന്നുള്ള കാര്യം ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. ഈ സീസണിലായിരുന്നു ലുക്കാക്കു ഇന്റർ വിട്ട് ചെൽസിയിൽ എത്തിയത്. പ്രീമിയർ ലീഗിൽ 5 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.