ലുക്കാക്കുവിനെ ടുഷേൽ ഒഴിവാക്കിയേക്കും!
ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാർ തമ്മിലാണ് ഏറ്റുമുട്ടുന്നത്. യുർഗൻ ക്ലോപിന്റെ ലിവർപൂളും തോമസ് ടുഷേലിന്റെ ചെൽസിയുമാണ് ഇന്ന് മാറ്റുരക്കുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്ക് ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.
എന്നാൽ ഈ മത്സരത്തിൽ ചെൽസി സൂപ്പർ താരം റൊമേലു ലുക്കാക്കുവിന് കളിക്കാൻ സാധിച്ചേക്കില്ല. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും താരത്തെ ഇന്നത്തെ മത്സരത്തിൽ നിന്നും ഒഴിവാക്കാൻ ടുഷേൽ ആലോചിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Thomas Tuchel could be set to drop Romelu Lukaku from Chelsea's squad to face Liverpool 😬
— GOAL News (@GoalNews) January 1, 2022
The very latest from @NizaarKinsella 🔵
ലുക്കാക്കു ഈയിടെ നൽകിയ ഇന്റർവ്യൂ വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയായിരുന്നു. എന്തെന്നാൽ അദ്ദേഹം ചെൽസിയെയും പരിശീലകനായ ടുഷേലിനെയും വിമർശനങ്ങൾ വിധേയമാക്കിയിരുന്നു. ചെൽസിയിൽ താൻ ഹാപ്പിയല്ലെന്നും ടുഷേലിന്റെ സിസ്റ്റം ശരിയല്ല എന്നുമായിരുന്നു ലുക്കാക്കു പറഞ്ഞത്. ഈ വിവാദ പ്രസ്താവനക്ക് ഉള്ള ശിക്ഷയെന്നോണമായിരിക്കും ഇന്നത്തെ മത്സരത്തിൽ ലുക്കാക്കുവിനെ പുറത്തിരുത്തുക.
പകരം കായ് ഹാവെർട്സിനെ ടുഷേൽ ഉൾപ്പെടുത്തിയേക്കും. ലുക്കാക്കു ഇല്ലെങ്കിൽ അത് ചെൽസിക്ക് തിരിച്ചടിയേൽപ്പിക്കുന്ന കാര്യം തന്നെയാണ്. കഴിഞ്ഞ മത്സരത്തിൽ ചെൽസി നേടിയ ഏകഗോൾ ലുക്കാക്കുവായിരുന്നു നേടിയിരുന്നത്.അവസാന നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച ചെൽസിയിപ്പോൾ ഒരല്പം പ്രതിസന്ധിയിലാണ്.