ലിവർപൂൾ വേറെ ലെവലാണ്, മത്സരത്തിന് മുന്നോടിയായി ആഴ്‌സണൽ പരിശീലകൻ പറയുന്നു.

പ്രീമിയർ ലീഗിൽ നാളെ നടക്കുന്ന മൂന്നാം റൗണ്ട് മത്സരത്തിൽ ഒരു തീപ്പാറും പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളും കഴിഞ്ഞ സീസണിൽ രണ്ട് കിരീടങ്ങൾ ചൂടിയ ആഴ്‌സണലും തമ്മിലാണ് നാളെ മാറ്റുരക്കുന്നത്. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് മത്സരം നടക്കുക. രണ്ട് ടീമുകളും ആദ്യത്തെ രണ്ട് മത്സരം വിജയിച്ചു കൊണ്ടാണ് കളത്തിലേക്ക് ഇറങ്ങുന്നത്. അതിനാൽ തന്നെ ഒരു കടുത്ത പോരാട്ടമാണ് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. അവസാനമായി കളിച്ച രണ്ട് കളികൾ എടുത്തു നോക്കിയാൽ ആഴ്സണലിന് ആശ്വസിക്കാവുന്ന കണക്കുകൾ ആണ്. എന്തെന്നാൽ രണ്ട് മത്സരത്തിലും ജയം കൊയ്തത് ഗണ്ണേഴ്സ് ആയിരുന്നു. കമ്മ്യൂണിറ്റി ഷീൽഡിന്റെ ഫൈനലിലും പ്രീമിയർ ലീഗിലുമായിട്ടാണ് ആഴ്‌സണൽ ജയം നേടിയത്. എന്നാൽ ആൻഫീൽഡിലെ കണക്കുകൾ ആഴ്‌സണലിന് ആശ്വാസകരമല്ല. 2012-ലാണ് അവസാനമായി ഗണ്ണേഴ്സ് ആൻഫീൽഡിൽ ജയിച്ചത്. അതിന് ശേഷം കളിച്ച എട്ട് മത്സരങ്ങളിൽ ആറെണ്ണത്തിൽ ലിവർപൂൾ വിജയിക്കുകയും രണ്ടെണ്ണം സമനിലയാവുകയും 30 ഗോളുകൾ പീരങ്കിപ്പട വഴങ്ങുകയും ചെയ്തു.

എന്നാലിപ്പോഴിതാ ലിവർപൂളിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ആഴ്‌സണൽ പരിശീലകൻ ആർട്ടെറ്റ. ലിവർപൂൾ വേറെ ലെവലാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. “ലിവർപൂളിന്റെ എല്ലാ ക്രെഡിറ്റും അർഹിക്കുന്നത് അവരുടെ പരിശീലകസംഘത്തിനാണ്. ഓരോ തവണയും അവരുടെ സ്‌ക്വാഡിൽ 24-26 താരങ്ങളെ നമുക്ക് കാണാം. സീസണിലുടനീളം അവരുടെ താരങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ അവർ പ്രശംസ അർഹിക്കുന്നുണ്ട്. ലിവർപൂൾ മറ്റൊരു ലെവലിൽ ഉള്ള ടീമാണ്. അവർ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും കാര്യങ്ങൾ കാര്യങ്ങൾ നന്നായി ചെയ്തവരാണ്. അത്‌കൊണ്ടാണവർ ഉയർന്ന തലങ്ങളിലേക്ക് സഞ്ചരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷമായി മാഞ്ചസ്റ്റർ സിറ്റിയും ഇത്പോലെയാണ്. അത്‌കൊണ്ട് തന്നെ അവരോടൊപ്പം എത്തണമെങ്കിൽ നമ്മളും അത്പോലെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ട്. ഞങ്ങൾക്കും അവരിൽ ഒന്നാകണമെങ്കിൽ ഓരോ ദിവസവും അടിസ്ഥാനപരമായ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് ” ആർട്ടെറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *