ലിവർപൂൾ തന്നെ നോട്ടമിട്ടു, പക്ഷെ ആ സംഭവത്തോടെ അവരത് ഉപേക്ഷിച്ചു, മഹ്റെസ് പറയുന്നു
ലെയ്സസ്റ്റർ സിറ്റിയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തുന്നതിന് മുൻപ് ലിവർപൂൾ തന്നെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നതായി റിഹാദ് മെഹ്റസിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ബീയിൻ സ്പോർട്സിന് ഇൻസ്റ്റാഗ്രാമിൽ അനുവദിച്ച അഭിമുഖത്തിലാണ് മെഹ്റസ് തന്റെ ട്രാൻസ്ഫർ നാളുകളെ കുറിച്ച് വെളിപ്പെടുത്തിയത്. ലിവർപൂൾ തന്നെ ആൻഫീൽഡിൽ എത്തിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ സലാഹിനെ സൈൻ ചെയ്തതോടെ ക്ലോപും സംഘവും നീക്കം ഉപേക്ഷിച്ചെന്നും മെഹ്റസ് പറഞ്ഞു. ലെയ്സസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ജേതാക്കളായതിന് ശേഷം അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റി താരത്തെ റാഞ്ചുകയായിരുന്നു.
” മാഞ്ചസ്റ്റർ സിറ്റി എന്നെ സൈൻ ചെയ്യുന്നതിന് മുൻപ് ലിവർപൂൾ എന്നിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീടവർ സലാഹിനെ സൈൻ ചെയ്തു. അതോടെ ആ കാര്യം പൂർത്തിയാവുകയും ചെയ്തു ” മെഹ്റസ് പറഞ്ഞു. നിലവിൽ എട്ട് ഗോളുകളും പതിനാല് അസിസ്റ്റുമായി ഭേദപ്പെട്ട പ്രകടനമാണ് സിറ്റിയിൽ താരം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ലെറോയ് സാനെ പരിക്കേറ്റ് പുറത്തായത് മൂലം സിറ്റിയിൽ സ്ഥിരസാന്നിധ്യമാണ് മെഹ്റസ്.