ലിവർപൂൾ ആരാധകരോട് മാപ്പ് പറഞ്ഞ് ഡാർവിൻ നുനസ്!

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് വീണ്ടും സമനില വഴങ്ങേണ്ടി വന്നിരുന്നു. ക്രിസ്റ്റൽ പാലസായിരുന്നു ലിവർപൂളിനെ സമനിലയിൽ തളച്ചത്. മാത്രമല്ല ലിവർപൂളിന്റെ സൂപ്പർ താരം ഡാർവിൻ നുനസ് റെഡ് കാർഡ് കണ്ട് പുറത്തുപോവുകയും ചെയ്തിരുന്നു. മത്സരത്തിന്റെ 57 മിനിറ്റിൽ ക്രിസ്റ്റൽ പാലസ് ഡിഫൻഡറായ ആന്റെഴ്സണെ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയതിനാണ് നുനസിന് റെഡ് കാർഡ് കണ്ടത്.

യഥാർത്ഥത്തിൽ ഡാർവിൻ നുനസ് ആന്റെഴ്സന്റെ പ്രകോപനത്തിൽ നിയന്ത്രണം വിട്ടു പെരുമാറുകയായിരുന്നു. ഏതായാലും ഈ മോശം പെരുമാറ്റത്തിന് നുനസ് ലിവർപൂൾ ആരാധകരോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ നിന്ന് താൻ കൂടുതൽ പാഠമുൾക്കൊള്ളുവെന്നും നുനസ് അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് നുനസ് മാപ്പ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ മോശം പെരുമാറ്റത്തെ കുറിച്ച് ഞാൻ ബോധവാനാണ്. എന്റെ പിഴവുകളിൽ നിന്നും പഠിക്കാനാണ് ഞാൻ ഇവിടെയുള്ളത്. ഒരിക്കലും അത്തരം പിഴവുകൾ ഇനി ഞാൻ ആവർത്തിക്കില്ല. ലിവർപൂളിലെ എല്ലാവരോടും ഞാൻ മാപ്പ് പറയുന്നു. ഞാൻ തിരിച്ചെത്തുന്നതായിരിക്കും ” ഇതാണ് ഡാർവിൻ നുനസ് കുറച്ചിട്ടുള്ളത്.

റെഡ് കാർഡ് കണ്ടതോടുകൂടി 3 മത്സരങ്ങളിലാണ് താരത്തിന് വിലക്ക് വീണിട്ടുള്ളത്.മാഞ്ചസ്റ്റർ യുണൈറ്റഡ്,ബേൺമൗത്ത്, ന്യൂ ക്ലാസിൽ യുണൈറ്റഡ് എന്നിവർക്കെതിരെയുള്ള മത്സരമാണ് നുനസിന് നഷ്ടമാവുക.

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു നുനസ് ബെൻഫിക്കയിൽ നിന്നും ലിവർപൂളിൽ എത്തിയത്. സിറ്റിക്കെതിരെയുള്ള കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ മത്സരത്തിൽ താരം ഗോൾ കരസ്ഥമാക്കിയിരുന്നു.ഫുൾ ഹാമിനെതിരെയുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിലും താരം ഗോൾ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *