ലിവർപൂളിൽ മറ്റൊരു ചരിത്രം കൂടി കുറിച്ച് സലാ!

പ്രീമിയർ ലീഗിൽ അടുത്ത കാലത്ത് നടന്ന ആവേശകരമായ പോരാട്ടമായിരുന്നു ഇന്നലെ നടന്ന ലിവർപൂളും ബ്രന്റ്ഫോർഡും തമ്മിലുള്ള മത്സരം. അടിയും തിരിച്ചടിയുമായി മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. എന്നിരുന്നാലും പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ ലിവർപൂളിന് സാധിച്ചിരുന്നു.

ഈ മത്സരത്തിൽ ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയത് സൂപ്പർ താരം മുഹമ്മദ്‌ സലായായിരുന്നു. മത്സരത്തിന്റെ 54-ആം മിനുട്ടിൽ ഫാബിഞ്ഞോയുടെ അസിസ്റ്റിൽ നിന്നായിരുന്നു സലാ ഗോൾ കണ്ടെത്തിയത്. ഈ ഗോളോട് കൂടി പ്രീമിയർ ലീഗിൽ നൂറ് ഗോളുകൾ പൂർത്തിയാക്കാൻ സലാക്ക്‌ കഴിഞ്ഞിരുന്നു. കൂടാതെ ഒരു റെക്കോർഡ് കൂടി സലാ കരസ്ഥമാക്കി. ലിവർപൂളിന് വേണ്ടി ഏറ്റവും വേഗത്തിൽ നൂറ് പ്രീമിയർ ലീഗ് ഗോളുകൾ പൂർത്തിയാക്കുന്ന താരമെന്ന നേട്ടമാണ് സലാ ഇപ്പൊ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.

151 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നാണ് സലാ 100 ഗോളുകൾ പൂർത്തിയാക്കിയത്.152 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ നേടിയ ലിവർപൂൾ ഇതിഹാസം റോജർ ഹണ്ടിനെയാണ് സലാ മറികടന്നത്.ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററായ ഇയാൻ റഷ് 168 മത്സരങ്ങളിൽ നിന്നാണ് 100 പ്രീമിയർ ലീഗ് ഗോളുകൾ പൂർത്തിയാക്കിയിരുന്നത്.

ഇതോടെ ലിവർപൂളിന് വേണ്ടി ആകെ 131 ഗോളുകൾ നേടാൻ സലാക്ക്‌ കഴിഞ്ഞു. ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ പത്താമത്തെ ഗോൾവേട്ടക്കാരനാണ് സലാ.346 ഗോളുകൾ നേടിയ ഇയാൻ റഷാണ് ഒന്നാം സ്ഥാനത്തുള്ളത്.285 ഗോളുകൾ ഉള്ള ഹണ്ട് രണ്ടാമതാണ്.സ്റ്റീവൻ ജെറാർഡ്, റോബി ഫൗളർ,മൈക്കൽ ഓവൻ എന്നിവരൊക്കെ ആദ്യപത്തിൽ ഉണ്ട്. ആ ഇതിഹാസങ്ങളുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ സലായും നടന്നു കയറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *