ലിവർപൂളിന്റെ തകർച്ചക്കുള്ള കാരണം കണ്ടെത്തി വാൻ ഡൈക്ക്!

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിലും വമ്പന്മാരായ ലിവർപൂളിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ ലിവർപൂളിനെ പരാജയപ്പെടുത്തിയത്.ഇതോട് കൂടി ലിവർപൂളിന്റെ കാര്യം കൂടുതൽ കഷ്ടത്തിലായിട്ടുണ്ട്. 8 മത്സരങ്ങളിൽ കേവലം 2 വിജയങ്ങൾ മാത്രം നേടിയ ലിവർപൂൾ നിലവിൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ്.

ഏതായാലും ലിവർപൂളിന്റെ ഈ മോശം പ്രകടനത്തെ കുറിച്ച് സൂപ്പർ താരമായ വാൻ ഡൈക്ക് തന്നെ ചില വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്. അതായത് എല്ലാവരുടെയും കോൺഫിഡൻസ് വളരെയധികം തകർന്നതാണ് ലിവർപൂളിന്റെ ഈ അവസ്ഥക്ക് കാരണമെന്നാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മത്സരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് ആത്മവിശ്വാസം.നമ്മൾ എല്ലാവരും മനുഷ്യരാണ്.ചില സമയങ്ങളിൽ നമുക്ക് കൂടുതൽ ആത്മവിശ്വാസം വേണ്ടിവരും.അത്തരത്തിലുള്ള സമയങ്ങളിൽ നമ്മുടെ കോൺഫിഡൻസ് വർദ്ധിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ ആ സാഹചര്യങ്ങളിൽ നമ്മൾ ബുദ്ധിമുട്ടും. നേരത്തെ പറഞ്ഞതുപോലെ മികച്ച പ്രകടനം നടത്തണമെങ്കിൽ നല്ല രൂപത്തിലുള്ള കോൺഫിഡൻസും ആവശ്യമാണ്.നിലവിൽ ഞങ്ങളുടെ കോൺഫിഡൻസ് തകർന്നിരിക്കുകയാണ്. പക്ഷേ ഇതിൽ നിന്നും എങ്ങനെ കരകയറാം എന്നുള്ളത് ഞങ്ങൾക്കറിയാം. ഞങ്ങൾ ഹാർഡ് വർക്ക് ചെയ്യേണ്ടിയിരിക്കുന്നു ” ഇതാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്.

ഈ പ്രീമിയർ ലീഗിൽ ഇപ്പോൾ തന്നെ നാല് സമനിലയും രണ്ട് തോൽവിയും ലിവർപൂൾ വഴങ്ങിയിട്ടുണ്ട്. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ഒരു വമ്പൻ തോൽവി നാപോളിയോട് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.ഏതായാലും ലിവർപൂളിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവ് ഇനി അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *