ലിവർപൂളിന്റെ ആത്മാർത്ഥ തങ്ങൾക്കില്ലാതെ പോയെന്ന് പെപ് ഗ്വാർഡിയോള

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെൽസിയോട് പരാജയപ്പെടാനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിധി. ഫലമോ ഏഴ് മത്സരങ്ങൾ ബാക്കി നിൽക്കെ ലിവർപൂളിന്റെ കിരീടധാരണവും കഴിഞ്ഞു. ഇപ്പോഴിതാ കിരീടം കൈവിട്ടതിന്റെ നിരാശ പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. സീസണിന്റെ തുടക്കം മുതലേ തങ്ങൾക്ക് പിഴച്ചുവെന്നും ലിവർപൂളിന്റെ ആത്മാർത്ഥ തങ്ങൾക്കില്ലാതെ പോയെന്നുമായിരുന്നു പെപ് ഗ്വാർഡിയോള പറഞ്ഞത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് പെപ് ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. അടുത്ത വർഷം തങ്ങൾക്ക് ശക്തമായി തന്നെ തിരിച്ചു വരാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇനി സിറ്റിക്ക് മുന്നിലുള്ള കിരീടപ്രതീക്ഷകൾ എഫ് എ കപ്പും ചാമ്പ്യൻസ് ലീഗുമാണ്. അതിനുള്ള മുന്നൊരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റി.

” ഞങ്ങൾക്ക് അവരുടെ ആത്മാർത്ഥയുടെ എടുത്ത് പോലും എത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം. അവർ ഓരോ മത്സരത്തെയും സമീപിച്ചത് തങ്ങൾക്കുള്ള അവസാനഅവസരം എന്ന രീതിയിലായിരുന്നു. പക്ഷെ അത്പോലെ ഒന്ന് ഞങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. പ്രത്യേകിച്ച് സീസണിന്റെ ആദ്യഭാഗത്ത് ഞങ്ങൾക്ക് പിഴച്ചു. ഞങ്ങൾ ഇത്രയും പിന്നിലായി പോവാനുള്ള യഥാർത്ഥ കാരണം ഇതാണ്. ഈ സീസണിലുടനീളം അത്ഭുതകരമായ രീതിയിലുള്ള സ്ഥിരതയാണ് ലിവർപൂൾ കാഴ്ച്ചവെച്ചത്. സീസണിന്റെ തുടക്കത്തിൽ തന്നെ ഒരുപാട് പോയിന്റുകൾ ഞങ്ങൾ കൈവിട്ടു കളഞ്ഞു. എന്നാൽ ലിവർപൂൾ അത് ചെയ്തില്ല. തീർച്ചയായും അടുത്ത സീസണിൽ ഞങ്ങൾ തിരിച്ചു വരും. അടുത്ത സീസണിൽ കൂടുതൽ സ്ഥിരത ഞങ്ങൾ കൈവരിക്കും. ഈ സീസണിൽ നഷ്ടമായ പോയിന്റുകൾ എല്ലാം തന്നെ വീണ്ടെടുക്കും. രണ്ട് വർഷങ്ങൾക്ക് മുൻപ് ലിവർപൂൾ 25 പോയിന്റുകൾക്ക് പിന്നിലായിരുന്നു. പക്ഷെ ഇപ്പോൾ ഞങ്ങളാണ് അത്രയും പോയിന്റുകൾക്ക് പിറകിൽ. ഞങ്ങൾ രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട് എന്ന കാര്യമൊന്നും ഞങ്ങൾ മറക്കുന്നില്ല. കഴിഞ്ഞ ഏഴെട്ട് വർഷമായി ക്ലബ്‌ വിജയങ്ങളിലൂടെയാണ് കടന്നുപോവുന്നത് ” പെപ് ഗ്വാർഡിയോള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *