പ്രീമിയർ ലീഗിലെ ഏറ്റവും ഇഷ്ടപ്പെട്ട മുന്നേറ്റനിരയേത്? തുറന്ന് പറഞ്ഞ് റൊണാൾഡിഞ്ഞോ!

ഈ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ പുറത്തെടുത്തത് എന്നുള്ള കാര്യത്തിൽ സംശയമില്ല.പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും ലിവർപൂളിന് കയ്യെത്തും ദൂരത്ത് നഷ്ടമായിരുന്നു.എന്നിരുന്നാലും മറ്റ് രണ്ട് കിരീടങ്ങൾ നേടാൻ ലിവർപൂളിന് സാധിക്കുകയും ചെയ്തു.

ലിവർപൂളിന്റെ ഈയൊരു മികച്ച പ്രകടനത്തിന് നന്ദി പറയേണ്ടത് അവരുടെ മുന്നേറ്റനിരയോടാണ്.ആകെ കളിച്ച 63 മത്സരങ്ങളിൽ നിന്ന് 147 ഗോളുകൾ നേടാൻ ലിവർപൂളിന് സാധിച്ചിട്ടുണ്ട്.സലാ,മാനെ,ജോട്ട എന്നീ മൂന്നു താരങ്ങളും 20-ൽ പരം ഗോളുകൾ ഈ സീസണിൽ നേടിയിട്ടുണ്ട്.ഫിർമിനോ 11 ഗോളുകൾ നേടിയപ്പോൾ 10 ഗോളുകൾ മിനാമിനോയും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ലൂയിസ് ഡയസും മികച്ച പ്രകടനം നടത്തി.

ഏതായാലും ലിവർപൂളിന്റെ ഈ അറ്റാക്കിങ് നിരയെ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡിഞ്ഞോ ഇപ്പോൾ പ്രശംസിച്ചിട്ടുണ്ട്. ഇവരുടെ പ്രകടനം കാണുന്നത് തനിക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ് എന്നാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്. ഏത് പ്രീമിയർ ലീഗ് ക്ലബ്ബിനെയാണ് ഏറ്റവും കൂടുതൽ ആസ്വദിച്ചിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡീഞ്ഞോ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പ്രീമിയർ ലീഗിൽ നിന്നും ഒരു ക്ലബ്ബിനെ തിരഞ്ഞെടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. കാരണം അവിടെ ഒരുപാട് മികച്ച ക്ലബ്ബുകളും മികച്ച താരങ്ങളുമുണ്ട്. ഓരോ ക്ലബ്ബിനും വളരെ മികവാർന്ന താരങ്ങളുണ്ട് എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ നിലവിൽ ലിവർപൂളിന്റെ അറ്റാക്കിങ് നിരയുടെ പ്രകടനം കാണാനാണ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ” ഇതാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.

തങ്ങളുടെ അറ്റാക്കിങ് നിരയിലേക്ക് ഡാർവിൻ നുനസിനെ കൂടി എത്തിക്കാൻ ലിവർപൂളിന് കഴിഞ്ഞിരുന്നു.എന്നാൽ സാഡിയോ മാനെ ടീം വിടുന്നതിന്റെ വക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *