ലിവർപൂളിനേക്കാൾ യുണൈറ്റഡ് ആറ് വർഷം പിറകിൽ : തുറന്ന് പറഞ്ഞ് റാൾഫ്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന ചിരവൈരികളുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർന്നടിഞ്ഞിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിവർപൂൾ ആൻഫീൽഡിൽ വെച്ച് യുണൈറ്റഡിനെ തകർത്തു വിട്ടത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ സൂപ്പർ താരം മുഹമ്മദ് സലായാണ് ലിവർപൂളിന്റെ വിജയശിൽപ്പി.സാഡിയോ മാനെ,ലൂയിസ് ഡിയാസ് എന്നിവരാണ് ലിവർപൂളിന്റെ ശേഷിച്ച ഗോളുകൾ കരസ്ഥമാക്കിയത്.

ഈ സീസണിൽ ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലും യുണൈറ്റഡ് തകർന്നടിഞ്ഞിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് അന്ന് പരാജയപ്പെട്ടത്. ഇതോടെ ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ നിന്നായി യുണൈറ്റഡ് ലിവർപൂളിന്റെ കയ്യിൽ നിന്നും വാങ്ങിച്ചു കൂട്ടിയത് ആകെ ഒമ്പത് ഗോളുകളാണ്.ഒരെണ്ണം പോലും തിരികെ നേടാൻ യുണൈറ്റഡിന് സാധിച്ചിരുന്നില്ല.

ഏതായാലും ക്ലബ്ബിന്റെ ഈയൊരു അവസ്ഥയിൽ പരിശീലകനായ റാൾഫ് റാഗ്നിക്ക് തീർത്തും നിരാശനാണ്.ലിവർപൂളിനേക്കാൾ ആറ് വർഷം പിറകിലാണ് യുണൈറ്റഡ് എന്നാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ ബിബിസി റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇത് നാണക്കേടാണ്, നിരാശാജനകമാണ്, ഒരുപക്ഷേ അപമാനവുമാണ്.ലിവർപൂളിനേക്കാൾ ആറ് വർഷം പിറകിലാണ് നമ്മൾ എന്നുള്ളത് അംഗീകരിച്ചേ മതിയാവൂ.യുർഗൻ ക്ലോപ് വന്നതിനു ശേഷം ടീമിനെ മാത്രമല്ല മാറ്റിയിട്ടുള്ളത്.ക്ലബ്ബിനെയും നഗരത്തെയും അദ്ദേഹം പുതിയ ലെവലിൽ എത്തിക്കുകയായിരുന്നു. അടുത്ത ട്രാൻസ്ഫർ ജാലകങ്ങളിൽ അതാണ് നമുക്ക് ആവശ്യമുള്ളത് ” ഇതാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാം സ്ഥാനത്താണ്. അതേസമയം ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത കൂടുതൽ ദുഷ്കരമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *