ലിവർപൂളിനെ പിടിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല : റാൾഫ്
പ്രീമിയർ ലീഗിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ ലിവർപൂളിന്റെ എതിരാളികൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെ കുറിച്ച് യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് റാഗ്നിക്ക് സംസാരിച്ചിരുന്നു.ലിവർപൂളിനെ പിടിക്കുക എന്നുള്ളത് യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം സങ്കീർണമായ കാര്യമല്ല എന്നാണ് റാൾഫ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 19, 2022
” ലിവർപൂളിനെ പോലെയാവുക എന്നുള്ളത് യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം സങ്കീർണ്ണമായ ഒരു കാര്യമല്ല.യുണൈറ്റഡിനെ പോലെയുള്ള ഒരു ക്ലബ്ബിന് അതിനുവേണ്ടി മൂന്നോ നാലോ വർഷങ്ങൾ വേണ്ടി വരുമെന്ന് ഞാൻ കരുതുന്നില്ല.അത് ആവശ്യമാണെന്നും എനിക്ക് തോന്നുന്നില്ല.രണ്ടോ മൂന്നോ ട്രാൻസ്ഫർ വിൻഡോകൾക്ക് ശേഷം എന്താണ് നിങ്ങൾ തിരയുന്നതെന്ന് നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം വൈക്കോൽ കൂനയിൽ സൂചി തിരയുന്ന അവസ്ഥയായിരിക്കും.ഇതൊരിക്കലും സങ്കീർണമായ റോക്കറ്റ് സയൻസൊന്നുമല്ല. പക്ഷേ നിങ്ങളുടെ ലക്ഷ്യം എന്താണ് എന്നുള്ളത് നിങ്ങൾ മനസ്സിലാക്കണം.ലക്ഷ്യം നിങ്ങൾക്കറിയില്ലെങ്കിൽ എപ്പോഴും കാര്യങ്ങൾ ബുദ്ധിമുട്ടായിരിക്കും ” ഇതാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.
ലിവർപൂളിനെ പോലെയാവാൻ യുണൈറ്റഡിന് അധികം സമയം ഒന്നും ആവശ്യമില്ല എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.31 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുള്ള ലിവർപൂൾ നിലവിൽ രണ്ടാംസ്ഥാനത്താണ്. അതേസമയം 32 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാമതാണ്.