ലിവർപൂളിനെയും കീഴടക്കി ആഴ്‌സണലിന് വീണ്ടും കിരീടം.

പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആഴ്‌സണൽ ഇങ്ങനെയൊരു മുന്നേറ്റം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഒരു മാസത്തിനിടെ രണ്ട് കിരീടങ്ങൾ ആണ് ആർട്ടെറ്റക്ക് കീഴിൽ ഗണ്ണേഴ്സ്. എഫ്എ കപ്പിൽ ചെൽസിയെയാണ് കീഴടക്കിയതെങ്കിൽ ഇന്നലെ കമ്മ്യൂണിറ്റി ഷീൽഡിന്റെ ഫൈനലിൽ ക്ലോപിന്റെ ലിവർപൂളിനെയാണ് തറപറ്റിച്ചു വിട്ടത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 ന് സമനിലയിൽ പിരിഞ്ഞതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. മികച്ച പ്രകടനം നടത്തിയ ആഴ്‌സണൽ അർഹിച്ച വിജയം തന്നെയാണ് നേടിയത്.

കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ കഴിയാതെ പോയതാണ് ലിവർപൂളിന് വിനയായത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിൽ തന്നെ ആഴ്‌സണലിന് വേണ്ടി ഒബമയാങ് വലകുലുക്കി. ബുകയോ സാകയുടെ പാസ്സ് ഒരു തകർപ്പൻ ഷോട്ടിലൂടെ ഒബമയാങ് വലകടത്തുകയായിരുന്നു. ആദ്യപകുതിയിൽ ഈ ലീഡുമായാണ് ആഴ്‌സണൽ കളംവിട്ടത്. എന്നാൽ 73-ആം മിനിറ്റിൽ ലിവർപൂൾ സമനില നേടി. പകരക്കാരനായി ഇറങ്ങിയ മിനാമിനോയാണ് സമനില ഗോൾ കണ്ടെത്തിയത്. ഇതോടെ നിശ്ചിതസമയം കഴിഞ്ഞപ്പോൾ മത്സരം 1-1 സമനിലയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്‌സണലിന് വേണ്ടി കിക്കെടുത്ത നെൽസൺ, നൈലെസ്, സോറെസ്, ഡേവിഡ് ലൂയിസ്, ഒബമയാങ് എന്നിവർ എല്ലാവരും തന്നെ ലക്ഷ്യം കണ്ടപ്പോൾ ലിവർപൂളിൽ കിക്ക് എടുത്ത ബ്രസ്റ്ററിന് പിഴക്കുകയായിരുന്നു. ഇതോടെ കമ്മ്യൂണിറ്റി ഷീൽഡ് ആഴ്‌സണൽ സ്വന്തം ഷെൽഫിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *