ലാലിഗ പോലെയല്ല പ്രീമിയർ ലീഗ്, മെസ്സിക്ക് കടുത്ത മുന്നറിയിപ്പ് നൽകിയ ഹിഗ്വയ്‌ൻ !

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾക്ക് ഇപ്പോഴുമൊരു ശമനവുമില്ല. ബാഴ്‌സയുടെ ബയേണിനോടുള്ള തകർന്നടിയൽ ഒരുപക്ഷെ മെസ്സിയെ ക്ലബ് വിടാൻ പ്രേരിപ്പിച്ചേക്കാം എന്ന തരത്തിലാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ വാർത്തകൾ. എന്നാൽ തന്റെ മുൻ സഹതാരത്തിന് കടുത്ത രീതിയിലുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണിപ്പോൾ യുവന്റസിന്റെ അർജന്റൈൻ താരം ഗോൺസാലോ ഹിഗ്വയ്‌ൻ. മെസ്സി സിറ്റിയിലേക്ക് കൂടുമാറുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഹിഗ്വയ്‌ൻ മെസ്സിക്ക് മുന്നറിയപ്പെന്ന രീതിയിൽ ചില കാര്യങ്ങൾ പറഞ്ഞത്. ലാലിഗയെ പോലെയല്ല പ്രീമിയർ ലീഗെന്നും അവിടുത്തെ ഡിഫൻഡിംഗ് രീതി കടുത്തതാണ് എന്നുമാണ് ഹിഗ്വയ്‌ൻ പറഞ്ഞത്. താൻ അവിടെ ബുദ്ധിമുട്ടിയിരുന്നുവെന്നും മെസ്സിക്കും അത് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പട്ടു.

” ഞാൻ പ്രീമിയർ ലീഗിൽ ഒരുപാട് പ്രയാസമനുഭവിച്ചിരുന്നു. ആറു മാസം കൊണ്ട് അവിടുത്തെ കളി രീതികളുമായി ഇണങ്ങിച്ചേരാൻ ഞാൻ ബുദ്ധിമുട്ടി. പ്രീമിയർ ലീഗ് ലാലിഗയെ പോലെയല്ല. അവിടുത്തെ ഡിഫൻഡേഴ്‌സ് വലിയ രീതിയിൽ ശാരീരികമായാണ് നേരിടുക. അതിന് ലാലിഗയിലെ പോലെ ഫൗളോ ഫ്രീകിക്കുകളോ ഒന്നും തന്നെ ലഭിക്കുകയില്ല. അത് മെസ്സിയെ എത്രത്തോളം ബാധിക്കുമെന്ന് എനിക്ക് പറയാനാവില്ല. പക്ഷേ മറ്റൊരു തലത്തിലുള്ള കളിക്കാരൻ എന്ന നിലയിൽ ഇത് അധികം അദ്ദേഹത്തെ ബാധിക്കുമെന്നും ഞാൻ കരുതുന്നില്ല ” ഹിഗ്വയ്‌ൻ ഫോക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താരം 2019-ൽ ചെൽസിക്ക് വേണ്ടി 18 മത്സരങ്ങളിൽ ലോണിൽ കളിച്ചിരുന്നു. ഈ മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *