ലാലിഗയെക്കാൾ കൂടുതൽ പണമൊഴുക്കി ചെൽസി, രൂക്ഷ വിമർശനവുമായി ലാലിഗ പ്രസിഡന്റ്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ഇപ്പോൾ അവസാനിച്ച ജനുവരി ട്രാൻസ്ഫർ വിൻഡോയിലും നിരവധി താരങ്ങളെയാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി സ്വന്തമാക്കിയിട്ടുള്ളത്. ഈ സീസണിൽ താരങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ പണം ചിലവഴിച്ചിട്ടുള്ളത് ചെൽസി തന്നെയാണ്. മാത്രമല്ല ബുണ്ടസ് ലിഗ,ലാലിഗ എന്നീ ലീഗുകളെക്കാൾ കൂടുതൽ തുക ചെൽസി മാത്രമായി ചിലവഴിച്ചിട്ടുണ്ട് എന്നുള്ളത് ഏവരെയും ഞെട്ടിക്കുന്ന ഒരു കാര്യമാണ്. അത്രയധികം താരങ്ങളെയാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്.
666 മില്യൺ ഡോളറാണ് ചെൽസി ഈ സീസണിൽ ചിലവഴിച്ചിട്ടുള്ളത്. ലാലിഗയിലെ എല്ലാ ക്ലബ്ബുകൾ കൂടി ആകെ 608 മില്യൺ ഡോളറാണ് ചിലവഴിച്ചിട്ടുള്ളത്. 604 മില്യൺ ഡോളറാണ് ബുണ്ടസ്‌ലിഗ ചിലവഴിച്ചിട്ടുള്ളത്. ഇപ്പോഴിതാ ചെൽസിയുടെ ഈയൊരു പണമൊഴുക്കലിനെതിരെ ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ് രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Spending in 2022-23:
— B/R Football (@brfootball) February 1, 2023
Chelsea: $666.7M
La Liga: $608.9M
Bundesliga: $604.1M
🙃 pic.twitter.com/6HNrfpt2QZ
” പ്രീമിയർ ലീഗ് ക്ലബ്ബുകൾ നടത്തിയ ട്രാൻസ്ഫറുകളെ കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിലെ ഒട്ടുമിക്ക ക്ലബ്ബുകളും ഡോപിങ് ആണ് നടത്തുന്നത്. അതായത് അവരുടെ വരുമാനം ഉപയോഗിച്ചല്ല താരങ്ങളെ വാങ്ങുന്നത്. മറിച്ച് പുറത്ത് നിന്നുള്ള പണം ഉപയോഗിച്ചുകൊണ്ടാണ്. ക്ലബ്ബിന്റെ വരുമാനത്തിന് പേരുള്ള പണം ഉപയോഗിച്ച് കൊണ്ട് ട്രാൻസ്ഫറുകൾ നടത്താനാണ് ഞങ്ങൾ ലാലിഗയിൽ ആഗ്രഹിക്കുന്നത്. പിന്തുണക്കാൻ ഷെയർ ഹോൾഡേഴ്സിന് സ്വാതന്ത്ര്യമുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ ഞങ്ങൾ അവർക്ക് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ ഷെയർ ഹോൾഡേഴ്സ് ക്ലബ്ബ് വിട്ട് കഴിഞ്ഞാൽ അവർ തന്നെയാണ് അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുക ” ഇതാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ഇതിനെ മുൻപും ഒരുപാട് തവണ വലിയ ട്രാൻസ്ഫറുകൾക്കെതിരെ വിമർശനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ടെബാസ്. പ്രത്യേകിച്ച് ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിക്കെതിരെ എപ്പോഴും ഇദ്ദേഹം വിമർശനങ്ങൾ അഴിച്ചു വിടാറുണ്ട്.