ലണ്ടനിൽ വന്നത് വിരുന്നുണ്ണുവാനല്ല, വിജയിക്കാൻ വേണ്ടിയാണ്. തിയാഗോ സിൽവ പറയുന്നു !

ലണ്ടനിലേക്ക് താൻ വന്നത് വിരുന്നുണ്ണുവാനോ അതല്ലെങ്കിൽ വിനോദയാത്രക്കോ വേണ്ടിയല്ലെന്നും താൻ വിജയിക്കാൻ വേണ്ടിയാണ് ചെൽസിയിലേക്ക് വന്നതെന്നും തുറന്നു പറഞ്ഞ് തിയാഗോ സിൽവ. കഴിഞ്ഞ ദിവസം കാരബാവോ കപ്പിൽ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസി തോറ്റതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഈ ഡിഫൻഡർ. ചെൽസിക്ക് വേണ്ടിയുള്ള അരങ്ങേറ്റമത്സരം തന്നെ സിൽവക്ക് കല്ലുകടിയായിരുന്നു. താരത്തിന്റെ പിഴവിൽ നിന്നായിരുന്നു വെസ്റ്റ് ബ്രോംവിച്ച് ചെൽസിക്കെതിരെ ഒരു ഗോൾ വഴങ്ങിയത്. മാത്രമല്ല ആ മത്സരത്തിൽ ചെൽസി മൂന്ന് ഗോളുകൾ വഴങ്ങുകയും ചെയ്തു. തുടർന്ന് വലിയ തോതിലുള്ള വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ തന്റെ ലക്ഷ്യത്തിൽ നിന്ന് താൻ പിറകോട്ടില്ലെന്നും ടീമിനായി സർവ്വതും നൽകുമെന്നും ടീമിന്റെ ഓരോ നേട്ടങ്ങൾക്ക് വേണ്ടിയും താൻ പൊരുതുമെന്നും സിൽവ തറപ്പിച്ചു പറഞ്ഞു. ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു താരം ഫ്രീ ഏജന്റ് ആയി കൊണ്ട് ചെൽസിയിൽ എത്തിയത്.

” കാര്യങ്ങളെ കുറിച്ച് എല്ലാവർക്കും വ്യക്തത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ചെൽസി വിജയിക്കാനാവിശ്യമായ എന്തും നൽകാനാണ് ഞാൻ പോവുന്നത്. ഞാൻ ലണ്ടനിൽ വന്നത് വിരുന്നുണ്ണുവാനോ അതല്ലെങ്കിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുവാനോ അല്ല. ഞാനിവിടെ വന്നത് ഫുട്ബോൾ കളിക്കുവാനും എന്റെ പ്രവർത്തനങ്ങൾ ചെയ്യുവാനുമാണ്. അതിന് വേണ്ടി തയ്യാറെടുക്കുകയാണ് ഞാൻ ചെയ്യുന്നത്. മികച്ച പരിശീലകനും ഒരു കൂട്ടം താരങ്ങളുമുണ്ടിവിടെ. അത്കൊണ്ട് തന്നെ ഞങ്ങൾ ഈ വർഷം കഴിയാവുന്ന നേട്ടങ്ങൾ എല്ലാം സ്വന്തമാക്കാൻ പരമാവധി പൊരുതും. എന്റെ കരാറിനോ കുറിച്ചോ അത് പുതുക്കുന്നതിനെ കുറിച്ചോ അതല്ലെങ്കിൽ മറ്റുള്ള കാര്യങ്ങളോ കുറിച്ച് എനിക്ക് യാതൊരു പരിഭവങ്ങളുമില്ല. എന്റെ ലക്ഷ്യം പരമാവധി മികച്ച പ്രകടനം നടത്തികൊണ്ട് ചെൽസിക്ക് വിജയങ്ങൾ നേടികൊടുക്കുക എന്നതാണ്. കൂടാതെ അടുത്ത വേൾഡ് കപ്പ് രാജ്യത്തിനായി കളിക്കുക എന്നതും. എനിക്കറിയാം ഇതെല്ലാം വലിയ ഉത്തരവാദിത്യമാണ് എന്നുള്ളത് ” സിൽവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *