ലംപാർഡ് പുറത്തായത് താൻ കാരണം, നിരാശയോടെ വെർണർ പറയുന്നു!

പ്രീമിയർ ലീഗിലെ മോശം പ്രകടനത്തെ തുടർന്നായിരുന്നു ചെൽസിയുടെ പരിശീലകനായ ലംപാർഡിന് തന്റെ സ്ഥാനം നഷ്ടമായത്. അതിന് ശേഷമാണ് തോമസ് ടുഷേൽ ചെൽസിയുടെ പരിശീലകനായി സ്ഥാനമേറ്റത്. നിലവിൽ മികച്ച പ്രകടനമാണ് ചെൽസി പുറത്തെടുക്കുന്നത്. ഇപ്പോഴിതാ ഒരു കുറ്റസമ്മതവുമായി രംഗത്ത് വന്നിരിക്കുകയാണ് ചെൽസി താരം ടിമോ വെർണർ. തന്റെ മോശം ഫോമാണ് ലംപാർഡിന്റെ സ്ഥാനം തെറിക്കാൻ കാരണമായത് എന്നാണ് ടിമോ വെർണർ തുറന്നു പറഞ്ഞിരിക്കുന്നത്. താൻ കൂടുതൽ ഗോളുകൾ നേടിയിരുന്നുവെങ്കിൽ ഒരുപക്ഷെ ലംപാർഡ് ഇപ്പോഴും ചെൽസിയുടെ പരിശീലകസ്ഥാനത്ത്‌ ഉണ്ടായിരുന്നേനെ എന്നുമാണ് വെർണർ അറിയിച്ചത്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് വെർണർ ഇക്കാര്യങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചത്.

” ഞാൻ ഇവിടേക്ക് വന്നത് ഒരു സ്‌ട്രൈക്കർ ആയി കൊണ്ടാണ്. എന്നാൽ എനിക്ക് ഗോളുകൾ നേടാനായില്ല. ഒരുപാട് അവസരങ്ങൾ പാഴാക്കിയതിൽ എനിക്കിപ്പോൾ നിരാശയും കുറ്റബോധവും തോന്നുന്നു.എപ്പോഴും ഗോളുകൾ നേടാൻ ആഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ.ഞാൻ നാലോ അഞ്ചോ കൂടുതൽ ഗോളുകൾ നേടിയിരുന്നുവെങ്കിൽ ഒരുപക്ഷെ പഴയ പരിശീലകൻ ഇപ്പോഴും ഇവിടെ ഉണ്ടാകുമായിരുന്നു.കാരണം മൂന്നോ നാലോ മത്സരങ്ങൾ ആ ഗോളുകൾ കൊണ്ട് വിജയിക്കാൻ സാധിക്കുമായിരുന്നു.ഏതായാലും കഴിഞ്ഞ കാലത്തേക്ക് ഇനി നോക്കുന്നതിൽ അർത്ഥമില്ല. ഇപ്പോൾ ഞങ്ങളുടെ മുന്നിൽ ഒരുപാട് മത്സരങ്ങളുണ്ട്. ഇതൊരു പുതിയ തുടക്കമാണ് ” വെർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *