റയൽ മാത്രമല്ല, മോറിബക്ക്‌ വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരും രംഗത്ത്!

ബാഴ്‌സയുടെ യുവതാരമായ ഇലൈക്സ് മോറിബ ഇതുവരെ ക്ലബ്ബിനോടൊപ്പം പരിശീലനം ആരംഭിച്ചിട്ടില്ല. ബാഴ്‌സയുടെ പ്രീസീസൺ മത്സരങ്ങൾ ആരംഭിച്ചുവെങ്കിലും തന്റെ ഭാവി തീരുമാനമാവാത്തതിനാലാണ് മോറിബ ഇതുവരെ ക്ലബ്ബിനോടൊപ്പം ചേരാത്തത്. മോറിബക്ക്‌ ഒരു വർഷത്തെ കരാർ അവശേഷിക്കുന്നുണ്ടെങ്കിലും താരം ബാഴ്സയിൽ തൃപ്തനല്ല എന്നാണ് റിപ്പോർട്ടുകൾ. ബാഴ്‌സ മുന്നോട്ട് വെച്ച പുതിയ കരാറിനോട് ഇതുവരെ മോറിബ പ്രതികരണമറിയിച്ചിട്ടില്ല.കൂടാതെ ബാഴ്സയുടെ ചിരവൈരികളായ റയൽ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നതായും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാലിപ്പോൾ പ്രീമിയർ ലീഗിലെ രണ്ട് വമ്പൻ ക്ലബുകളും മോറിബക്ക്‌ വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് ഈ മിഡ്‌ഫീൽഡർക്ക്‌ വേണ്ടി രംഗത്ത് വന്നിട്ടുള്ളത്.രണ്ട് ക്ലബുകളും ആകർഷകമായ ഓഫറുകൾ നൽകാനിരിക്കുകയാണ്.മാത്രമല്ല ഇരു ടീമുകളും മോറിബയുടെ ഏജന്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്തയുടെ ഉറവിടം.താരത്തിന് സാലറിയായി ആറു മില്യൺ യൂറോ വരെ വാഗ്ദാനം ചെയ്യാൻ ഇരു ക്ലബുകളും തയ്യാറാണ്. നിലവിൽ ബാഴ്‌സയിൽ ലഭിക്കുന്ന സാലറിയുടെ ഇരട്ടിയോളം വരുമത്. അതേസമയം പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനാണ് മോറിബക്ക്‌ താല്പര്യം.കഴിഞ്ഞ സീസണിൽ ബാഴ്‌സക്ക്‌ വേണ്ടി ഒരു ഗോളും മൂന്ന് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *