റയൽ മാഡ്രിഡ്‌ താരത്തിന് പിന്നാലെ ചെൽസി താരത്തെയും ക്ലബിലെത്തിക്കാൻ ഇന്റർമിലാൻ

വരുന്ന സീസണിലേക്ക് തങ്ങളുടെ സ്‌ക്വാഡിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്റർമിലാൻ പരിശീലകൻ അന്റോണിയോ കോന്റെ. കഴിഞ്ഞ ദിവസമായിരുന്നു റയൽ മാഡ്രിഡിൽ നിന്നും യുവസൂപ്പർ താരം അഷ്‌റഫ്‌ ഹാക്കിമിയെ ഇന്റർ മിലാൻ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ബുണ്ടസ് ലിഗയിൽ ബൊറൂസിയക്ക് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച പ്രതിരോധനിര താരത്തെ 45 മില്യൺ യുറോക്കായിരുന്നു ഇന്റർ തട്ടകത്തിലെത്തിച്ചത്. ഇതിന് പിന്നാലെ മറ്റൊരു സൂപ്പർ താരത്തെ കൂടി നോട്ടമിട്ടിറങ്ങിയിരിക്കുകയാണ് ഇന്റർമിലാൻ. ചെൽസിയുടെ ലെഫ്റ്റ് ബാക്ക് പൊസിഷനിലെ മിന്നും താരമായ എമേഴ്‌സൺ പാൽമിറിയെയാണ് ഇന്റർ ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്. റൈറ്റ് ബാക്ക് ഇപ്പോൾ ഹാക്കിമിയുടെ കൈകളിൽ ഭദ്രമായതിനാൽ ലെഫ്റ്റ് ബാക്കിനെ കൂടി ടീമിലെത്തിച്ച് പ്രതിരോധത്തിന് കാഠിന്യം വർധിപ്പിക്കാനാണ് കോന്റെയുടെ ഉദ്ദേശം.

താരത്തെ ടീമിൽ എത്തിക്കാൻ കോന്റെ ആവിശ്യപ്പെട്ടതായി റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് സ്കൈ സ്പോർട്സ് ഇറ്റാലിയയാണ്. ഇത് വരെ ഔദ്യോഗികമായി താരത്തിന് വേണ്ടി ഇന്റർമിലാൻ ബിഡ് വെച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷെ ഇരുപത്തിയഞ്ചുകാരനായ താരത്തിന് വേണ്ടി ചെൽസിയുമായി വിലപേശി തുടങ്ങി എന്നാണ് സ്കൈ സ്പോർട്സിന്റെ റിപ്പോർട്ട്‌ പറയുന്നത്. 2018 ജനുവരിയിലായിരുന്നു എമേഴ്‌സൺ റോമയിൽ നിന്ന് ചെൽസിയിലെത്തിയത്. അന്ന് ഇരുപത് മില്യൺ യുറോയായിരുന്നു താരത്തിന് വേണ്ടി ചെൽസി ചിലവഴിച്ചിരുന്നത്. രണ്ടര സീസൺ ചെൽസിയോടൊപ്പം ചിലവഴിച്ച താരം 53 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞു. എന്നാൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മാർക്കോസ് അലോൺസോ തിളങ്ങി നിൽക്കുന്നതിനാൽ താരത്തിന് അവസരങ്ങൾ കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *