റയൽ മാഡ്രിഡല്ല, അലാബക്ക്‌ വേണ്ടി മുൻപന്തിയിലുള്ളത് ആ രണ്ട് ക്ലബ്ബുകൾ!

ബയേൺ മ്യൂണിക്കിന്റെ ഓസ്ട്രിയൻ ഡിഫന്റർ ഡേവിഡ് അലാബ ഈ സീസണോട് കൂടി ക്ലബ് വിടുമെന്ന് വ്യക്തമായതാണ്. താരത്തിനു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡായിരുന്നു. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഒത്തു പോകാനാവാതെ വന്നതോടെ ചർച്ചകൾ അവിടെ നിലക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന് വേണ്ടി മുമ്പിലുള്ളത് റയൽ മാഡ്രിഡല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജർമ്മൻ മാധ്യമമായ ബിൽഡ്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ടിലാണ് താരത്തിന്റെ ഏജന്റായ പിനി സഹാവി ഇംഗ്ലണ്ടിലെ ക്ലബ്ബുകളുമായി സംസാരിച്ചു തുടങ്ങിയെന്ന് വെളിവായത്. പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയും സ്പാനിഷ് വമ്പന്മാരായ ബാഴ്സയുമാണ് നിലവിൽ താരത്തിനു വേണ്ടി മുമ്പിലുള്ളത്.

നിലവിൽ താരത്തിനു സ്പാനിഷ് ലീഗിൽ കളിക്കാനാണ് താല്പര്യം. എന്നാൽ നല്ല ഓഫറുകൾ വന്നാൽ പ്രീമിയർ ലീഗിലേക്ക് ചേക്കേറാനും താരം തയ്യാറാണ്. താരത്തിന്റെ ഏജന്റുമായി ചെൽസി സംസാരിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്‌. അതേസമയം താരത്തിനും ഏജന്റിനും ബാഴ്സയിലേക്ക് ചേക്കേറാനും താല്പര്യമുണ്ട്. പക്ഷേ അത് ബാഴ്സ പ്രസിഡൻഷ്യൽ ഇലക്ഷനെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. പ്രസിഡണ്ട് സ്ഥാനാർത്ഥി ജോൺ ലപോർട്ടയുമായി നിലവിൽ നല്ല ബന്ധമാണ് പിനി സഹാവി വെച്ചുപുലർത്തുന്നത്. അതുകൊണ്ടുതന്നെ ലപോർട്ട പ്രസിഡന്റ് ആയാൽ താരം ബാഴ്സയിലെത്താനുള്ള സാധ്യതകളും കാണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *